കൊല്ലം കുന്നോറമലയിൽ മണ്ണിടിച്ചിൽഭീഷണിയെത്തുടർന്ന് കുന്നിനുമുകളിൽ താമസക്കാരായ കൂടുതൽപ്പേരെ ഗുരുദേവ കോളേജിലേക്ക് മാറ്റിത്താമസിപ്പിച്ചു

കൊയിലാണ്ടി : കൊല്ലം കുന്നോറമലയിൽ മണ്ണിടിച്ചിൽഭീഷണിയെത്തുടർന്ന് കുന്നിനുമുകളിൽ താമസക്കാരായ കൂടുതൽപ്പേരെ ഗുരുദേവ കോളേജിലേക്ക് മാറ്റിത്താമസിപ്പിച്ചു. 25 കുടുംബങ്ങളിൽ നിന്നായി 90 പേരെയാണ് സുരക്ഷിതസ്ഥാനത്തേക്ക് റവന്യു അധികൃതർ മാറ്റിയത്.

നേരത്തേ 13 കുടുംബങ്ങളെയാണ് ചൊവ്വാഴ്‌ച മാറ്റിയിരുന്നത്. അപകടം കനത്തതോടെ കൂടുതൽ കുടുംബങ്ങളെക്കൂടി മാറ്റിത്താമസിപ്പിക്കുകയായിരുന്നു. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണത്തിനായി കുന്ന് കുത്തനെ ഇടിച്ചുനിരത്തിയ കുന്നോറമലയിൽ വൻതോതിൽ മണ്ണിടിയുന്നുണ്ട്. ബൈപ്പാസ് റോഡ് നിർമിച്ച സ്ഥലത്തേക്കാണ് മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നത്.

ഇവിടെയുള്ള എല്ലാ ഭിത്തിസംരക്ഷണപ്രവർത്തനങ്ങളും ദേശീയപാതാ അധികൃതർ നിർത്തിവെച്ചു. ക്രെയിനുകൾ ഉൾപ്പടെയുള്ള യന്ത്രസംവിധാനങ്ങൾയെല്ലാം അകലേക്ക് മാറ്റി. ഇതുവഴിയുള്ള എല്ലാത്തരത്തിലുള്ള ഗതാഗതവും അധികൃതർ തടഞ്ഞിരിക്കുകയാണ്. മണ്ണിടിയുന്നത് കാണാനെത്തുന്നതിനും അപകടഭീഷണിയെത്തുടർന്ന് നിയന്ത്രണമുണ്ട്. മഴ കനത്താൽ കുറേ ഭാഗംകൂടി ഇടിയാൻ സാധ്യതയുണ്ട്.

മണ്ണിടിച്ചിൽഭീഷണിയുള്ള സ്ഥലംകൂടി സർക്കാർ അടിയന്തരമായി ഇടപെട്ട് ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും ആവശ്യം. 45 മീറ്ററിൽ ബൈപ്പാസ് റോഡ് നിർമിക്കാൻ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും കുത്തനെ മണ്ണെടുത്തതുകാരണം വലിയതോതിലുള്ള അപകടഭീഷണിയാണ് നിലനിൽക്കുന്നത്.

റോഡിന്റെ ഇരുഭാഗത്തും കുറെക്കൂടി സ്ഥലം ഏറ്റെടുത്തു തട്ടുതട്ടായി തിരിച്ച് മണ്ണെടുത്തുമാറ്റിയാൽ മാറ്റിയാൽ അപകടഭീഷണി കുറയും. സ്ഥലം ഏറ്റെടുത്താൽ റോഡ് നിർമാണത്തിന് ആവശ്യമായ മണ്ണ് ഇവിടെനിന്ന് ലഭിക്കുകയും ചെയ്യും. പലയിടത്തും റോഡ് നിർമാണത്തിനാവശ്യമായ മണ്ണ് ലഭിക്കാത്ത പ്രശ്‌നമുണ്ട്. കുത്തനെ ഇടിക്കുന്നതിനുപകരം ചെരിച്ച് മണ്ണെടുത്താൽ അപകടഭീഷണി കുറയുമെന്നാണ് വിദഗ്ധർ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!