സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി, ഹര്‍ജി ഓഗസ്റ്റ് 9 ന് വീണ്ടും പരിഗണിക്കും

കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ബ്രഹ്‌മപുരത്തെ മാലിന്യ പ്രശ്നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് പരാമര്‍ശം.

അമികസ് ക്യൂറി റിപ്പോര്‍ട്ട് അനുസരിച്ച് തിരുവനന്തപുരം നഗരത്തിന്റെ അവസ്ഥ ദയനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നഗരം ക്ലീന്‍ ആയിരിക്കണമെന്നും ജസ്റ്റിസുമാരായ ബെച്ചു കുര്യന്‍ തോമസ്, പി ഗോപിനാഥ് അടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു. ആരെയും പഴിചാരാനുള്ള അവസരമല്ല ഇത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തിലെ തീരുമാനം സമയബന്ധിതമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

മൂന്നാം ലോകരാജ്യമായ ശ്രീലങ്കയിലേക്ക് പോയി നോക്കൂ, നഗരങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നത് കാണാം. സിംഗപ്പൂരിലെ മാലിന്യ സംസ്‌കരണം നേരിട്ട് പഠിക്കണം. ഖരമാലിന്യങ്ങളെ ഊര്‍ജ്ജമായും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നു. അനുഭവങ്ങളില്‍ നിന്ന് പഠിക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

കൊച്ചിയിലെ മാലിന്യപ്രശ്നം പരിതാപകരമെന്നായിരുന്നു നിരീക്ഷണം. റോഡുകള്‍ കോര്‍പ്പറേഷന്‍ ക്ലീന്‍ ചെയ്യുന്നതായി തോന്നുന്നില്ല. പല റോഡുകളിലും മാലിന്യം കൂടി വരുന്നുണ്ട്. കൊച്ചിയില്‍ കൃത്യമായി മാലിന്യ ശേഖരണം കൃത്യമായി നടത്തുന്നില്ലെന്നും ഹൈക്കോടതി വിമര്‍ശനമുയര്‍ത്തി.

ദീര്‍ഘദൂര ട്രെയിനുകള്‍ അവസാനിക്കുന്ന ഇടമാണ് തിരുവനന്തപുരം സ്റ്റേഷന്‍. ട്രെയിനുകളില്‍ ഉത്പാദിപ്പിക്കുന്ന മാലിന്യമാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കെട്ടിക്കിടക്കുന്നത്. ഇത് നീക്കം ചെയ്യാനുള്ള ബാധ്യത റെയില്‍വേയ്ക്കുണ്ട്. മാലിന്യ സംസ്‌കരണത്തിന് റെയില്‍വേ സംവിധാനം കണ്ടെത്തണം. റെയില്‍വേ പരിസരം വൃത്തിയാക്കി സൂക്ഷിക്കേണ്ടത് റെയില്‍വേ തന്നെയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

തലസ്ഥാന നഗരത്തിന്റെ പല മേഖലകളിലും മാലിന്യക്കൂമ്പാരമെന്ന് അമികസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും ഇരുമ്പ അവശിഷ്ടങ്ങളും പല ഇടങ്ങളിലും കുന്നുകൂടിയെന്നും അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അമികസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കി. ദൃശ്യങ്ങള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിശോധിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഓണ്‍ലൈനില്‍ ഹാജരായി. മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങള്‍ കണ്ടെത്തിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരിച്ചു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുന്നുകൂടുന്നത് തടയും. മാലിന്യക്കൂമ്പാരം ആഴ്ചയില്‍ ഒരിക്കല്‍ നീക്കുന്നുണ്ട്. ഇത് പ്രതിദിനം നീക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരിച്ചു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഹൈക്കോടതി ഓഗസ്റ്റ് 9 ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!