കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്നത് കുപ്രചാരണം: പ്രിന്‍സിപ്പാള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നതായി പ്രിന്‍സിപ്പാള്‍ ഡോ. കെ ജി സജീത്ത് കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

മാതൃകാപരമായി നടന്നു വരുന്ന മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌കരണം തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോ. വര്‍ഷങ്ങള്‍ക്കു മുമ്പ് മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് മൃതദേഹം പുറത്തെത്തിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത്.

വീഡിയോയില്‍ കാണിക്കുന്നത് ആശുപത്രിയുടെ മാലിന്യ ശേഖരണ പ്രദേശമാണ്. ആശുപത്രിയിലെ കൂട്ടിരിപ്പുകാരും ബന്ധുക്കളും പാഴാക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ ദിനംപ്രതി 2,500 കിലോഗ്രാം ഭക്ഷ്യ മാലിന്യമാണ് മെഡിക്കല്‍ കോളേജില്‍ സംസ്‌കരിക്കുന്നത്. മാലിന്യ സംസ്‌ക്കരണ രംഗത്ത് വലിയ വെല്ലുവിളിയാണിത്. എന്നിരിക്കെ, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള വീഡിയോ പ്രചരിപ്പിച്ച് മെഡിക്കല്‍ കോളേജിലെ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു മുമ്പും മെഡിക്കല്‍ കോളേജിനെതിരേ തെറ്റായ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. ഓഡിറ്റ് ആവശ്യങ്ങള്‍ക്കായി ഫാര്‍മസി അടച്ചപ്പോള്‍ മരുന്നില്ലാതെ ഫാര്‍മസി പൂട്ടി എന്നും, ഓര്‍ത്തോ വിഭാഗത്തില്‍ വിജയകരമായി നടന്ന സര്‍ജറിയെ പറ്റി തെറ്റായ വിവരങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു.

കോവിഡ് കാലത്ത് കേരളം നടത്തിയ അനന്യമായ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കിയ സ്ഥാപനമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മലബാറിലെയാകെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന ജനങ്ങള്‍ക്ക് ആശ്രയമായ ഈ ആരോഗ്യ സ്ഥാപനത്തിനെതിരെ നടക്കുന്ന തെറ്റായ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളയണം. മികവാര്‍ന്ന ആരോഗ്യ സേവനം നല്‍കുന്ന കാര്യത്തില്‍ ജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാവണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!