വീണ്ടും നിപ മരണം; മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന രാവിലെയാണ് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.

ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സമ്പർക്കത്തിൽ ഏർപെട്ടവർ ആരോഗ്യ വകുപ്പിനെ ബന്ധപെടണമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്ക പട്ടികയിലെ രണ്ട് പേര്‍ക്ക് പനിയുണ്ട്. വൈറല്‍ പനിയാണ്.

246 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നും ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 63 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയിലുണ്ട്. ഹൈറിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിക്കും. എന്‍ഐവി പൂനെയുടെ മൊബൈല്‍ ലാബ് ഇവിടെ എത്തും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും സര്‍വേ നടത്തും. പൂര്‍ണമായി ഐസൊലേഷനില്‍ ഉള്ളവര്‍ക്ക് വേണ്ടി സഹായത്തിന് വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പൊലീസ് പെട്രോളിംഗുണ്ട്. ജനങ്ങള്‍ നന്നായി സഹകരിക്കുന്നുണ്ട്.

സമ്പര്‍ക്കത്തിലുള്ളവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസി ടി വി പരിശോധിക്കും. തൊട്ട് അടുത്തുള്ള പഞ്ചായത്തുകളില്‍ ഫീവര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കും. മൃഗങ്ങളുടെ സാമ്പിളുകള്‍ കൂടി ശേഖരിക്കുന്നുണ്ടെന്നും ഒരു തരത്തിലും ആശങ്ക വേണ്ട, ജാഗ്രത മതിയെന്നും വീണാ ജോര്‍ജ് പറഞ്ഞു. രോഗ ഉറവിടം ഈ ഘട്ടത്തില്‍ സ്ഥിരീകരിക്കാനായിട്ടില്ല. അല്‍പസമയം കൂടി എടുക്കും. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. നിപ രണ്ടു തരമുണ്ട്. മലേഷ്യന്‍ സ്‌ട്രെയിനും ബംഗ്‌ളാദേശ് സ്‌ട്രെയിനും. ഇവിടെ സ്ഥിരീകരിച്ചത് ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!