കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ; ഹിയറിങ് തുടങ്ങി

കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുകൊടുത്ത പെരുമണ്ണ, ഒളവണ്ണ വില്ലേജുകളില്‍ നിന്നുള്ളവരുമായി ജില്ലാ കലക്ടര്‍ നടത്തുന്ന ഹിയറിങ് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തുടങ്ങി.

292 പേരെയാണ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി നടക്കുന്ന ഹിയറിങ്ങില്‍ ആര്‍ബിട്രേറ്റര്‍ ആയ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് വിളിപ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച നടന്ന ഹിയറിംഗില്‍ 143 പേര്‍ പങ്കെടുത്തു.

121 കിലോമീറ്റര്‍ വരുന്ന നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ റോഡിനായി ഭൂമി ഏറ്റെടുത്ത്, നഷ്ടപരിഹാരത്തുക ഏതെങ്കിലും ഗഡു ലഭിച്ചവരാണ് ഹിയറിംഗിന് എത്തുക. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നു പോകുന്ന നിര്‍ദിഷ്ട ഹൈവേയുടെ 6.06 കിലോമീറ്റര്‍ ആണ് കോഴിക്കോട് ജില്ലയില്‍ വരുന്നത്. പന്തീരങ്കാവിന് അടുത്ത് കൂടത്തുംപാറയില്‍ നിന്ന് തുടങ്ങുന്ന പാത പാലക്കാട് മരുതറോഡില്‍ അവസാനിക്കും.

ഭൂമി ഏറ്റെടുത്ത വകയില്‍ ഇതിനകം 188 കോടി രൂപയാണ് ഭൂമി വിട്ടുനല്‍കിയ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഭൂമിക്ക് നിശ്ചയിച്ച അടിസ്ഥാനവില ചിലയിടങ്ങളിൽ കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ദേശീയപാത അതോറിറ്റി ജില്ലാ കലക്ടറെ സമീപിച്ചിരുന്നു. ഇതിനുശേഷം അടിസ്ഥാനവില പുതുക്കി നിശ്ചയിച്ചു. ഇതിനിടെ ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അവരെ കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍
ഹിയറിങ്ങ് നിശ്ചയിച്ചത്. ഹിയറിംഗ് ഇന്നും (വെള്ളിയാഴ്ച) തുടരും.

ഡെപ്യൂട്ടി കളക്ടര്‍ ഷാമിന്‍ സെബാസ്റ്റ്യന്‍ (എല്‍ എ-എന്‍എച്ച്), ആര്‍ബിട്രേഷന്‍ അസിസ്റ്റന്റും റിട്ട. ഡെപ്യൂട്ടി കളക്ടറുമായ എന്‍ പ്രേമചന്ദ്രന്‍, സ്യൂട്ട് സെല്‍ സീനിയര്‍ സൂപ്രണ്ട് ഫൈസല്‍ ആര്‍ എസ് എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!