യമാലിനെ കൈയിലെടുത്ത് താലോലിച്ച് മെസി; ചിത്രം പങ്കുവച്ച് പിതാവ്
മെസിക്കൊപ്പമുള്ള കുഞ്ഞ് യമാലിന്റെ ഫോട്ടോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ‘രണ്ട് ഇതിഹാസങ്ങളുടെ ആരംഭം’ എന്ന പേരില്‍ യമാലിന്റെ പിതാവാണ് ചിത്രം പോസ്റ്റ് ചെയ്തത്. യമാലിനെ കൈയിലെടുത്ത് താലോലിക്കുന്ന ചിത്രവുമുണ്ട്.
ഏകദേശം 17 വര്‍ഷം മുന്‍പ് ചാരിറ്റി കലണ്ടറിനായുള്ള ഫോട്ടോ ഷൂട്ടിലാണ് ജോവാന്‍ മോണ്‍ഫോര്‍ട്ട് എന്ന ഫോട്ടോഗ്രാഫര്‍ മെസിയും കുഞ്ഞ് യമാലിന്റെയും ചിത്രം പകര്‍ത്തിയത്. അന്ന് യമാലിന് അഞ്ച് മാസമാണ് പ്രായം. 20 വയസ്സുള്ള മെസ്സി, യമാലിനെ കുളിപ്പിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ ആസ്ഥാനത്തുവെച്ചായിരുന്നു ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.
ഫിഫ ലോകകപ്പില്‍ മെസ്സിയുടെ നായകത്വത്തിന് കീഴില്‍ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി വിശ്വകിരീടം നേടിയിരുന്നു. തൊട്ടുപിന്നാലെയുള്ള യൂറോ കപ്പിലിതാ മെസി കുളിപ്പിച്ചവനും ഫ്രാന്‍സിനെ വെള്ളം കുടിപ്പിച്ചിരിക്കുന്നു.
യമലിന്റെ ചരിത്ര ഗോളിലാണ് ഫ്രാന്‍സിനെ തീര്‍ത്ത് സ്പെയ്ന്‍ യൂറോ കപ്പ് ഫൈനലിലെത്തുന്നത്. വെറും 16 വയസും 362 ദിവസവും പ്രായമുള്ള യമാല്‍ യൂറോ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോററായി.
സെമി ഫൈനലിന് കളത്തിലേക്ക് ഇറങ്ങിയപ്പോള്‍ തന്നെ യമാല്‍ മറ്റൊരു ചരിത്രം കുറിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്നതായിരുന്നു അത്. 1958-ല്‍ സ്വീഡനില്‍ നടന്ന ലോകകപ്പില്‍ ഇതിഹാസതാരം പെലെ സ്ഥാപിച്ച റെക്കോഡാണ് യമാല്‍ മറികടന്നത്.