ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തെപ്പറ്റി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചാണ്ടി ഉമ്മന്റെ മറുപടി

‘നിങ്ങളുടെ റീച്ചിനും, വാര്‍ത്തക്കും, വരുമാനത്തിനും വേണ്ടിയുള്ള ഈ വേട്ടയാടല്‍ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ,നിങ്ങള്‍ക്കൊന്നു മര്യാദ കാണിച്ചുകൂടെ ചുക്കിച്ചുളുങ്ങിയ ഷര്‍ട്ടും ധരിച്ചുള്ള ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തെപ്പറ്റി ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് ചാണ്ടി ഉമ്മന്റെ മറുപടി

തിരുവനന്തപുരം: ദു:ഖവെളളി ദിനത്തില്‍ പുറത്തുവന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രത്തെപ്പറ്റി സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനത്തിന് മറുപടിയുമായി മകന്‍ ചാണ്ടി ഉമ്മന്‍. ചിത്രത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഷര്‍ട്ട് ചുളുങ്ങിയിരിക്കുന്നതിനെയും കുടുംബം കൂടെയില്ലെന്നുമുളള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്. ആശുപത്രിയില്‍ പോയിവരുന്നതിനിടെ ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടാണ് പളളിയില്‍ കയറിയതെന്നാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.

പളളി സന്ദര്‍ശനം മുന്‍കൂട്ടി പ്‌ളാന്‍ ചെയ്തതായിരുന്നില്ല. ഉമ്മന്‍ ചാണ്ടി പളളിയില്‍ പോകണമെന്ന് ആവശ്യപ്പെടുകയും തങ്ങള്‍ പോകുകയുമായിരുന്നു. കുടുംബം ഒന്നിച്ചാണ് പളളിയില്‍ പോയതെന്നും ചിത്രം പകര്‍ത്തി പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്നും ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

താമസ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് പളളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അത്രയും ദൂരം ഒറ്റയ്ക്ക് പോകാന്‍ പിതാവിന് കഴിയില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ തെറ്റായ പ്രചരണം നടന്നതിനെ പോസ്റ്റില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നുമുണ്ട്.

റീച്ചിനും വാര്‍ത്തയ്ക്കും വരുമാനത്തിനും വേണ്ടിയുളള ഈ വേട്ടയാടല്‍ ഇനിയും അവസാനിപ്പിച്ചൂകൂടെ എന്നാണ് ചാണ്ടി ഉമ്മന്റെ ചോദ്യം.” നിങ്ങള്‍ വേട്ടയാടി ഒരുപാട് വേദനിപ്പിച്ച ആ മനുഷ്യനോട് ഇനിയെങ്കിലും നിങ്ങള്‍ക്കൊന്നു മര്യാദ കാണിച്ചുകൂടെ.നിങ്ങള്‍ രാഷ്ട്രീയമായി ഞങ്ങളെ വിമര്‍ശിച്ചുകൊള്ളു, പക്ഷെ ഇത്തരത്തിലുള്ള അനാവശ്യ പരാമര്‍ശങ്ങളിലൂടെയുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണം.” ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

ദു:ഖവെളളി ദിവസം ബെംഗലരുവിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവന്ന പാടെ നിരവധി പേര്‍ വിമര്‍ശനവുമായി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഷര്‍ട്ട് ചുക്കിച്ചുളുങ്ങിയിരിക്കുന്നത് ആയിരുന്നു വിമര്‍ശനത്തിന് വഴിവെച്ചത്. എക്കാലത്തും പശമുക്കി തേച്ച ഷര്‍ട്ടുമായി കാണപ്പെട്ടിരുന്ന ഉമ്മന്‍ ചാണ്ടിയെ ചുളിവുകളുളള ഷര്‍ട്ടുമായി കണ്ടതിനോട് പൊരുത്തപ്പെടാനാവാത്ത അദ്ദേഹത്തിന്റെ ആരാധകരായിരുന്നു പ്രതികരിച്ചവരിലേറെയും.

ഇതിനോടൊപ്പം രാഷ്ട്രീയ എതിരാളികളും മുളളും മുനയും വെച്ച പോസ്റ്റുകളുമായി വിമര്‍ശിച്ചിരുന്നു. പളളിയില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ ഏകനായി കാണപ്പെട്ടതിന്റെ പേരിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കുടുംബം കൂടെയില്ലാത്തത് കൊണ്ടാണ് ഒറ്റയ്ക്ക് പളളിയില്‍ എത്തേണ്ടിവന്നതെന്നായിരുന്നു വിമര്‍ശകരുടെ കുറ്റുപ്പെടുത്തല്‍.

ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കുടുംബം എതിര് നില്‍ക്കുന്നുവെന്ന വാര്‍ത്തയും വിമര്‍ശനങ്ങളും വന്നത് മുതല്‍ ചാണ്ടി ഉമ്മന്‍ ഇത്തരം കാര്യങ്ങളോട് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചു പോരുന്നത്. അതിന്റെ തനിയാവര്‍ത്തനമാണ് ഇന്നത്തെ പ്രതികരണവും. ചാണ്ടി ഉമ്മന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ.

”ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചില മഞ്ഞ മാധ്യമങ്ങളും ബിജെപി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഷെയര്‍ ചെയ്യുപ്പെടുന്ന ഈ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെടുകയുണ്ടായി..

അതിലൊരു ആക്ഷേപം പിതാവിന്റെ വസ്ത്രം തേച്ചിട്ടില്ലെന്നറിയിരുന്നു, രണ്ട് കുടുംബം ഒപ്പമില്ലെന്നതും.
രണ്ടിന്റെയും വസ്തുത ഒരു മകന്‍ എന്ന നിലയില്‍ നിങ്ങളുമായി പങ്കുവെക്കുകയാണ്..

ഇന്നലെ ആശുപത്രിയില്‍ പോയി വരുന്ന വഴിക്ക് പിതാവിന്റെ ആവശ്യപ്രകാരം ആണ് പള്ളി സന്ദര്‍ശിച്ചത്., ഇതൊരിക്കലും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ഒന്നായിരുന്നില്ല. പിതാവ് പള്ളിയില്‍ പോകണം എന്ന് ആവശ്യപെടുകയും ഞങ്ങള്‍ പോകുകയും ആയിരുന്നു. കുടുംബം ഒപ്പമില്ലായിരുന്നു എന്ന് പറയുന്നവരോടാണ്, പള്ളി ഞങ്ങളുടെ താമസയിടത്തില്‍ നിന്നും ഏകദേശം 3കിലോമീറ്റര്‍ അകലെയാണ്, അദ്ദേഹത്തിനു എന്തായാലും നിലവിലെ സാഹചര്യത്തില്‍ 3കിലോമീറ്റര്‍ ഒറ്റയ്ക്ക് നടന്നു പോകാന്‍ സാധിക്കുമോയെന്നത് നിങ്ങള്‍ തന്നെ ആലോചിക്കുക.., ഞങ്ങള്‍ ഒരുമിച്ചാണ് പള്ളിയില്‍ പോയത്.., ഈ ചിത്രം പകര്‍ത്തിയതും ഫേസ്ബുക്കില്‍ പങ്കുവെച്ചതും ഞാന്‍ ആയിരുന്നു.

നിങ്ങളുടെ റീച്ചിനും, വാര്‍ത്തക്കും, വരുമാനത്തിനും വേണ്ടിയുള്ള ഈ വേട്ടയാടല്‍ ഇനിയെങ്കിലും അവസാനിപ്പിച്ചു കൂടെ..നിങ്ങള്‍ വേട്ടയാടി ഒരുപാട് വേദനിപ്പിച്ച ആ മനുഷ്യനോട് ഇനിയെങ്കിലും നിങ്ങള്‍ക്കൊന്നു മര്യാദ കാണിച്ചുകൂടെ..നിങ്ങള്‍ രാഷ്ട്രീയമായി ഞങ്ങളെ വിമര്‍ശിച്ചുകൊള്ളു, പക്ഷെ ഇത്തരത്തിലുള്ള അനാവശ്യ പരാമര്‍ശങ്ങളിലൂടെയുള്ള വേട്ടയാടല്‍ അവസാനിപ്പിക്കണം.”

ചാണ്ടി ഉമ്മന്‍..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!