ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി മുഹമ്മദ്‌ റിയാസ്

കോടഞ്ചേരി: ഇന്ത്യയിൽ നടക്കുന്ന ഓഫ്റോഡ് മത്സരങ്ങളിൽ കൂടുതൽ പങ്കെടുക്കുന്നത് മലയാളികളാണ്. നമുക്ക് ഇവിടെ ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകൾ നടത്താനുള്ള സൗകര്യമില്ല. നിയമപരമായും മറ്റുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മലയാളികളെ കൂടാതെ സംസ്ഥാനത്തിന് പുറത്ത് നിന്നും ആളുകൾ എത്തും. ഇത്‌ വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും,” കോടഞ്ചേരിയിലെ പുലിക്കയത്ത് അന്താരാഷ്ട്ര കയാക്കിങ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സാഹസികമായ ഓഫ്റോഡ് ചാമ്പ്യൻഷിപ്പുകളിൽ താൽപ്പര്യമുള്ള പുതിയ തലമുറ ഉണ്ടെന്നുള്ളത് ആഹ്ലാദകരമാണ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി മലയോര ഗ്രാമമായ കോടഞ്ചേരി ടൂറിസം രംഗത്ത് പുതിയ കുതിപ്പുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഗോവയിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് അടുത്ത വർഷം കോടഞ്ചേരിയിൽ എത്തിക്കാനുള്ള കഠിനശ്രമത്തിലാണ് വിനോദസഞ്ചാര വകുപ്പും മന്ത്രിയുമെന്ന് പരിപാടിയിൽ അധ്യക്ഷ വഹിച്ച ലിന്റോ ജോസഫ് എംഎൽഎ പറഞ്ഞു. കോടഞ്ചേരിയെ സാഹസിക ടൂറിസത്തിന്റെ ഹബ്ബായി മാറ്റുകയാണ് ലക്ഷ്യം.

ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള വൈറ്റ് വാട്ടർ കയാക്കിങ്, റാഫ്റ്റിങ്, റെസ്ക്യൂ എന്നിവയിലും പാക്ക് റാഫ്റ്റിങ്ങിലും ക്രാഷ് പരിശീലന കോഴ്സുകൾ നൽകും.

പരിപാടിയിൽ കഴിഞ്ഞ വർഷത്തെ മലബാർ റിവർ ഫെസ്റ്റ് മികച്ച രീതിയിൽ റിപ്പോർട്ട്‌ ചെയ്ത മാധ്യമപ്രവർത്തകർക്കുള്ള അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.

കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ബിന്ദു ജോൺസൺ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഗംഗാധരൻ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, വിനോദസഞ്ചാര വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, ഡിടിപിസി സെക്രട്ടറി നിഖിൽ ടി ദാസ് എന്നിവർ പങ്കെടുത്തു.

നേരത്തെ പുലിക്കയത്തെ കൈരളി എസ്റ്റേറ്റിൽ തയാറാക്കിയ ഓഫ്‌ലൈൻ ട്രാക്കിലൂടെ മന്ത്രി മുഹമ്മദ്‌ റിയാസും ജില്ലാ കളക്ടറും മറ്റ് ജനപ്രതിനിധികളും ജീപ്പിൽ സാഹസിക യാത്ര നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!