തീവ്രവാദ ബന്ധം സംശയിക്കുന്ന ഷാറൂഖ് സെയ്ഫിയെ കോഴിക്കോട് എത്തിച്ചതിലെ സുരക്ഷാ വീഴ്ച; കേന്ദ്ര അന്വേഷണം
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ തീവച്ച കേസിലെ പിടികൂടിയ ഷാറൂഖ് സെയ്ഫിയെ കേരളത്തിലെത്തിക്കുന്നതിലുണ്ടായ വീഴ്ച സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നു. തീവ്രവാദബന്ധം സംശയിക്കുന്ന കേസിലെ പ്രതിയായിട്ടു പോലും മതിയായ സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ജാഗ്രതകുറവ് ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തുന്നത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള യാത്രാമധ്യേ കര്‍ണാടകയില്‍ വച്ച് പ്രതിയുമായെത്തിയ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ടതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതി പോലീസിന്റെ സാന്നിധ്യമില്ലാതെ വാഹനത്തില്‍ തനിച്ച് ഇരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ഗുരുതര സുരക്ഷാ വീഴ്ചയായാണ് ഇന്റലിജന്‍സ് ബ്യൂറോ (ഐ ബി)യും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ)യും കാണുന്നത്.
ആരുടെ നിര്‍ദേശാനുസരണമാണ് പ്രതിയുമായി റോഡുമാര്‍ഗം എത്തിയതെന്നും വാഹനം കേടായപ്പോള്‍ സ്വീകരിച്ച നടപടിക്രമങ്ങള്‍ ആരുടെ നിര്‍ദേശാനുസരണമാണെന്നതും അന്വേഷിക്കും. കൂടാതെ വാഹനം കേടായതിനെ കുറിച്ച് വാഹനത്തിലുള്ള പോലീസുകാര്‍ വിളിച്ചറിയിച്ചപ്പോള്‍
മേലുദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികളും പരിശോധിക്കും.
രക്ഷപ്പെടുത്തണമെങ്കിലോ അല്ലാത്തപക്ഷം ഇയാറെ കൊലപ്പെടുത്തണമെങ്കിലോ നിഷ്പ്രയാസം സാധിക്കുമായിരുന്നു. പോയിന്റ് ബ്ലാങ്കില്‍ നിര്‍ത്തി വെടിയുതിര്‍ക്കാവുന്ന രീതിയിലായിരുന്നു പ്രതിയുണ്ടായിരുന്നതെന്നത് ഏറെ ഗൗരവമാണ്. ഒരു ഡി വൈ എസ് പി യുള്‍പ്പെടെ മൂന്നുപേര്‍ മാത്രം കോഴിക്കോടേക്കെത്തിയതും ഗുരുതര സുരക്ഷാ വീഴ്ചയാണ്.
കണ്ണൂര്‍-കോഴിക്കോട് യാത്രക്കിടെ കാടാച്ചിറയില്‍ വച്ചു വാഹനത്തിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ ഒരു മണിക്കൂറോളം കുടിങ്ങിയപ്പോള്‍ ക്രമസമാധാന ചുമതലയുള്ള മുതിര്‍ന്ന പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതിരുന്നതും സംശയത്തോടെയാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. വാഗണ്‍ ആര്‍ കാറില്‍ കോഴിക്കോടേക്ക് പുറപ്പെടുന്ന വിവരം സമൂഹമാധ്യമങ്ങള്‍ വഴി പരസ്യമായിരുന്നു. എന്നിട്ടു പോലും പോലീസ് എസ്‌കോര്‍ട്ട് അനുവദിക്കാതിരുന്നതിന്റെ കാരണവും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്.
അന്വേഷണ ചുമതലയുള്ള വിഭാഗവും ക്രമസമാധാന ചുമതല വഹിക്കുന്ന വിഭാഗവും തമ്മില്‍ ഏതെങ്കിലും രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടോയെന്നും വിശദമായി പരിശോധിക്കും.


