കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 45 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
കൊയിലാണ്ടി: യന്ത്രത്തകരാര്‍ കാരണം കടലില്‍ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 45 മത്സ്യത്തൊഴിലാളികളെ ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സസ്മെന്റ് സാഹസികമായി രക്ഷപ്പെടുത്തി കൊയിലാണ്ടി ഹാര്‍ബറില്‍ എത്തിച്ചു. കൊയിലാണ്ടി ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തെമൂമില്‍ അന്‍സാരി എന്ന ഇന്‍ബോര്‍ഡ് വള്ളമാണ് എന്‍ജിന്‍ നിലച്ചതിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിയത്. കൊയിലാണ്ടി കോടിക്കല്‍ ഭാഗത്ത് വെച്ചായിരുന്നു സംഭവം.
ബേപ്പൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ ഇതേക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദേശ പ്രകാരം, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ് ഹെഡ് ഗാര്‍ഡ് രാജന്‍, ഫിഷറീസ് ഗാര്‍ഡ് വിപിന്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ ഹമിലേഷ്, അഭിഷേക് എന്നിവര്‍ ചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.