പേരാമ്പ്രയില്‍ വ്യാപക കൃഷിനാശം, എണ്ണായിരത്തോളം വാഴകളാണ് നശിച്ചതായി നിഗമനം
പേരാമ്പ്ര: ശക്തമായ മഴയില്‍ പേരാമ്പ്ര പഞ്ചായത്തിലെ വിവിധമേഖലകളിലെ വാഴക്കൃഷി വെള്ളത്തിലായി. എടവരാട്, ചേനായി, കൈപ്രം എന്നിവിടങ്ങളിലെ വാഴക്കൃഷിയാണ് വെള്ളംകയറി നശിച്ചത്. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കൃഷിഭവന്‍ ഉദ്യോഗസ്ഥരുടെ നിഗമനം. 8000-ത്തോളം വാഴകള്‍ വെള്ളംകയറി നശിച്ചതായാണ് വിവരം. ആയിരത്തിലേറെ വാഴകള്‍ നശിച്ച കര്‍ഷകരും ഇതിലുണ്ട്. കുലയ്ക്കാറായ വാഴ ഉള്‍പ്പെടെ നശിച്ചു.
വേനല്‍ക്കാലത്ത് വാഴകള്‍ ഉണങ്ങിനശിച്ചതിനുപുറമെ മഴക്കാലത്തും കൃഷിനശിച്ചത് കര്‍ഷകര്‍ക്ക് ഇരട്ടിപ്രഹരമായി. വായ്പയെടുത്താണ് പലരും വാഴക്കൃഷിയിറക്കിയത്. അപ്രതീക്ഷിതമായ മഴക്കെടുതിയില്‍ വലിയ നഷ്ട്മാണ് ഇവര്‍ക്കെല്ലാമുണ്ടായത്. ശ്രീനാഥ്, ശ്രീലേഷ്, വിജയന്‍ കൊയിലോത്ത്, ശാന്ത കൊയിലോത്ത്, ഒതയോത്ത് കുഞ്ഞികൃഷ്ണകുറുപ്പ്, ആദിയാട്ട് ഗംഗാധരന്‍, വട്ടക്കണ്ടി രാധാകൃഷ്ണന്‍, സീന, കിഴക്കേടത്ത് ദാമോദരന്‍, ചാത്തോത്ത് എന്‍. മൊയ്തീന്‍, സജീവന്‍ എളയാടത്ത്, കണ്ടീതറേമ്മല്‍ രാജന്‍, തോട്ടത്തില്‍ വി.പി. കരുണാകരന്‍, കുമാരന്‍ കൈപ്രം തുടങ്ങിയ കര്‍ഷകരുടെ വാഴകളാണ് നശിച്ചത്. കൃത്യമായ കണക്ക് ശേഖരിച്ചുവരുന്നതേയുള്ളൂ.
കൃഷിനാശമുണ്ടായ സ്ഥലങ്ങള്‍ പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ്, കൃഷി ഓഫീസര്‍ നിസാം അലി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ഇ. ആര്‍. ജയേഷ്, കൃഷി അസിസ്റ്റന്റുമാരായ ആര്‍. അഹല്‍ജിത്ത്, ടി. കെ. രജിഷ്മ എന്നിവര്‍ സന്ദര്‍ശിച്ചു.