നിർണായക പെനാൽറ്റി അവസരം നഷ്ടപ്പെടുത്തിയതിന് പിന്നാലെയാണ് ബ്രസീലിന്റെ ഗംഭീര തിരിച്ചുവരവ്



നെവാഡ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ നിര്‍ണായകമായ ഒരു പെനാല്‍റ്റി അവസരം പുറത്തേയ്ക്ക് അടിച്ചു കളഞ്ഞതിന്റെ നിരാശ ബ്രസീല്‍ സംഘം മാറ്റിയത് ആദ്യ പകുതിയിലെ ആധിപത്യത്തിലാണ്.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ആക്രമണം തുടങ്ങിയപ്പോള്‍ പരാഗ്വെ പ്രതിരോധത്തിലേക്ക് വലിഞ്ഞു. 30-ാം മിനിറ്റില്‍ ബ്രസീല്‍ ആക്രമണം തടഞ്ഞ ആന്ദ്രേസ് ക്യൂബസിന്റെ കൈയ്യിലാണ് പന്ത് പതിച്ചത്. എന്നാല്‍ പെനാല്‍റ്റി അവസരത്തില്‍ ലുക്കാസ് പക്വറ്റയുടെ കിക്ക് വലതുവശത്ത് പോസ്റ്റിന് പുറത്തേയ്ക്ക് പോയി.
പെനാല്‍റ്റി നഷ്ടത്തിന്റെ ക്ഷീണം ബ്രസീല്‍ സംഘം ഉടനെ തന്നെ തീര്‍ത്തു. 35-ാം മിനിറ്റില്‍ പക്വറ്റയുടെ പാസുമായി മുന്നേറിയ വിനീഷ്യസ് ആദ്യം വലകുലുക്കി. 43-ാം മിനിറ്റില്‍ റോഡ്രിഗോയുടെ ഷോട്ട് പരാഗ്വ ഗോളി തടഞ്ഞിട്ടെങ്കിലും റീബൗണ്ടില്‍ സാവിയോ വലയിലാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ വിനീഷ്യസ് ജൂനിയര്‍ വീണ്ടും ഗോള്‍വല ചലിപ്പിച്ചു. ആദ്യ പകുതിയില്‍ തന്നെ ബ്രസീല്‍ സംഘത്തിന് എതിരില്ലാത്ത മൂന്ന് ഗോളിന് ലീഡ് ചെയ്യാനും കഴിഞ്ഞു.
രണ്ടാം പകുതിയിൽ പരാഗ്വ അപ്രതീക്ഷിത ആക്രമണം നടത്തി. 53-ാം മിനിറ്റിലെ ഒമർ അൽദെരെതെയുടെ ഇടം കാലൻ പവർഷോട്ട് ഒരു ഗോൾ മടക്കി. എന്നാൽ ബ്രസീൽ പതിയെ തിരിച്ചുവന്നു. 65-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അവസരം ലൂക്കാസ് പക്വറ്റ കൃത്യമായി വലയിലാക്കി. 82-ാം മിനിറ്റിൽ ഡഗ്ലസ് ലൂയിസിനെ ടാക്കിൾ ചെയ്യാനുള്ള ശ്രമത്തിൽ ആന്ദ്രേസ് ക്യൂബസിന് മഞ്ഞക്കാർഡും ലഭിച്ചു. മത്സരത്തിനിടെ പലതവണ ഇരുടീമിലെയും താരങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളി കായികലോകത്തിന് നാണക്കേടായി. എങ്കിലും ആദ്യ മത്സരത്തിൽ കോസ്റ്ററിക്കെതിരായ സമനിലയക്ക് ശേഷം ബ്രസീലിന് കോപ്പയിൽ ശക്തമായി തിരിച്ചുവരാൻ കഴിഞ്ഞു.
















