ഹീറോ സൂപ്പര്‍ കപ്പില്‍ മഞ്ഞപ്പടയ്ക്ക് വിജയത്തുടക്കം
സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ഐ ലീഗ് ചാമ്പ്യന്‍മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. ദിമിത്രിയോസ് ഡയമന്റാകോസ്, നിഷുകുമാര്‍, മലയാളിതാരം കെ.പി രാഹുല്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടി. കൃഷ്ണ സിങ്ങിലൂടെ പഞ്ചാബ് മറുപടി നല്‍കി. ഈ ജയത്തോടെ എ ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി ഒന്നാമതെത്തി ബ്ലാസ്‌റ്റേഴ്‌സ്.
ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷും പ്രതിരോധത്തില്‍ വി ബിജോയ്, മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, വിബിന്‍ മോഹനന്‍ എന്നീ മലയാളി താരങ്ങള്‍ ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങി. നിഷു കുമാറും വിക്ടര്‍ മൊംഗിലുമായിരുന്നു പ്രതിരോധത്തിലെ മറ്റ് താരങ്ങള്‍. മധ്യനിരയില്‍ പൂര്‍ണമായും ഇന്ത്യന്‍ യുവനിര തന്നെ അണിനിരന്നു. ശ്രീനിധി ഡെക്കാനാണ് അടുത്ത മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

