സിവിൽ ഡിഫെൻസ് പരിശീലനം പൂർത്തിയായി
പേരാമ്പ്ര : പേരാമ്പ്ര അഗ്നിരക്ഷ നിലയത്തിന്റെ കീഴിൽ വരുന്ന രണ്ടാമത് ബാച്ച് സിവിൽ ഡിഫൻസ് അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തീകരിച്ചു. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തകരുടെ സാന്നിധ്യവും സഹായവും എത്രയും പെട്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സേവകരെ ഉൾപ്പെടുത്തി രൂപീകരിച്ച സിവിൽ ഡിഫൻസ് വളണ്ടിയേഴ്സ് അംഗങ്ങളുടെ സേവനം എല്ലാ മേഖലകളിലും ലഭ്യമാകുന്നുണ്ട്.
ജൂൺ 10 ന് പേരാമ്പ്ര നിലയത്തിൽ വെച്ച് സ്റ്റേഷൻ ഓഫീസർ സി.പി ഗിരീശൻ ഉദ്ഘാടനം ചെയ്ത പരിപാടി ജൂൺ 23ന് ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ചുള്ള പ്രായോഗിക പരിശീലനത്തോടെ പൂർത്തിയായി. പ്രളയ രക്ഷാപ്രവർത്തനം, റോഡപകടങ്ങൾ, പ്രഥമ ശുശ്രൂഷ, റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങൾ, ഗ്യാസ് ലീക്ക് അപകടങ്ങൾ, എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകളിലായി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി പ്രേമൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീക്ക്, ഫയർ ഓഫീസർമാരായ എ.ഷിജിത്ത്, എൻ. എം. ലതീഷ്, ടി. സനൂപ് എന്നിവർ ക്ലാസുകൾ എടുത്തു.
സമാപനദിവസം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപിന്റെ നേതൃത്വത്തിൽ വിവിധതരം അഗ്നിശമനോപകരണ പ്രവർത്തനങ്ങളുടെ പ്രായോഗിക പരിശീലനം നൽകി. തുടർന്ന് ബഹുനില കെട്ടിടങ്ങളിലെ അഗ്നിബാധ പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി പേരാമ്പ്ര ടൗണിലെ ഒരു വ്യാപാരസ്ഥാപനം സന്ദർശിക്കുകയും ഫയർ അലാറം, സ്പ്രിംഗ്ലർ, ഫയർ ഡിറ്റക്ടേഴ്സ് എന്നിവയുടെ പ്രവർത്തന പരിശീലനം നൽകുകയും ചെയ്തു.