മേപ്പയൂർ നെല്ല്യാടി റോഡ് ശോച്യാവസ്ഥ പരിഹരിക്കണം; എൽഡിഎഫ് ജനപ്രതിനിധികളുടെ ധർണ്ണ



കൊല്ലം നെല്യാടി മേപ്പയൂർ റോഡിൻ്റെ പുനരുദ്ധാരണപ്രവർത്തി പൂർത്തീകരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കണമെന്നും റോഡിൻ്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജനധർണ്ണ സംഘടിപ്പിച്ചു .
റോഡ് വികസന പദ്ധതിക്ക് അനുമതിയായിട്ട് കാലമേറെയായെങ്കിലും സ്ഥലം ഏറ്റെടുക്കൽ പ്രക്രിയ പൂർത്തീകരിക്കപ്പെട്ടിട്ടില്ല . ജലജീവൻ പദ്ധതിപൈപ്പ് ലൈൻ പ്രവർത്തി കരാർ വ്യവസ്ഥ പ്രകാരം പൂർത്തീകരിക്കുന്നതിൽ കേരള വാട്ടർ അതോറിറ്റിയുടെ ഉദാസീനതയാണ് ശരിയായ രീതിയിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിൽ തടസ്സമായി നിൽക്കുന്നത് ‘എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അധികൃതരുടെ ഭാഗത്തുനിന്നുള്ള അലംഭാവം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ധർണ്ണ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെടി രാജൻ ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ്ട് എൻ പി ശോഭ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രസന്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പി രാധാകൃഷ്ണൻ, കെ രാജീവൻ , കെ ലോഹ്യ, നിഷാദ് പൊന്നംകണ്ടി, എം കെ രാമചന്ദ്രൻ , ഇ .കുഞ്ഞിക്കണ്ണൻ, എൻ.എം ദാമോദരൻ , പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. സുനിൽ , ഭാസ്കരൻ കൊഴുക്കല്ലൂർ, വി പി രമ എന്നിവർ സംസാരിച്ചു














