മേപ്പയ്യൂര്‍-നെല്ല്യാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയാത്തത് എംഎല്‍ എ യുടെ പരാജയം: കെ ബാലനാരായണന്‍



മേപ്പയ്യൂര്‍: സംസ്ഥാന സര്‍ക്കാര്‍ കമ്മീഷന്‍ ഭരണം അവസാനിപ്പിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും, മേപ്പയ്യൂര്‍- നെല്ലാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ കഴിയാത്തത് എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ പരാജയമാണെന്നും യു. ഡി. എഫ് ജില്ലാ ചെയര്‍മാന്‍ കെ. ബാലനാരായണന്‍ അഭിപ്രായപ്പെട്ടു.
റോഡിന്റെ നിലവിലുളള ശോച്യാവസ്ഥ പരിഹരിക്കാന്‍ വേണ്ടി മേപ്പയ്യൂര്‍ പഞ്ചായത്ത് യു. ഡി. എഫ് കമ്മിറ്റി മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം ജനകീയ പ്രശ്‌നങ്ങള്‍ ഉന്നയിച്ചു നടത്തുന്ന ഏതു സമരങ്ങള്‍ക്കും നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ പിന്തുണ ഉണ്ടാവുമെന്നും അതുകൊണ്ട് റോഡ് നവീകരിക്കുന്നതുവരെ സമരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ മുസ് ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി സി. പി. എ അസീസ് പൊതുമരാമത്ത് വകുപ്പിന്റെയും, കിഫ്ബിയുടെയും കെടുകാര്യസ്ഥതയും, ദൂര്‍ത്തും അവസാനിപ്പിച്ച് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ച് റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ 24 ന് നടത്തുന്ന കിഫ്ബി ഓഫിസ് മാര്‍ച്ചിനു ശേഷം തിരുവനന്തപുരത്തുളള പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും സി. പി. എ അസീസ് സൂചിപ്പിച്ചു.
ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍ അധ്യക്ഷനായി. കണ്‍വീനര്‍ എം. കെ. അബ്ദുറഹിമാന്‍ സ്വാഗതവും എം. എം. അഷറഫ് നന്ദിയും പറഞ്ഞു. ഇ. അശോകന്‍, ടി. കെ. എ ലത്തീഫ്, കെ. പി. രാമചന്ദ്രന്‍, പി. കെ. അനീഷ്, കന്മന അബ്ദുറഹിമാന്‍, റാബിയ എടത്തുക്കണ്ടി സംസാരിച്ചു. പൊതുയോഗത്തിന് മുന്‍പ് മേപ്പയ്യുര്‍ ടൗണില്‍ യു.ഡി.എഫ് നേതാക്കളും,പ്രവര്‍ത്തകരും ശക്തമായ പ്രതിഷേധ പ്രകടനം നടത്തി.
മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍ കളരിപ്പറമ്പില്‍ വിജീഷിന്റെ അകാല വേര്‍പാടില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.












