സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 29 കേസുകൾ പരിഗണിച്ചതിൽ 25 എണ്ണം തീർപ്പാക്കി



കോഴിക്കോട്: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 29 കേസുകൾ പരിഗണിച്ചതിൽ 25 എണ്ണം തീർപ്പാക്കി. നാലെണ്ണം ഉത്തരവിനായി മാറ്റിവെച്ചു.
കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ്‌കുമാറിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച സിറ്റിംഗ് നടന്നത്. ചില കേസുകളിൽ കമ്മീഷൻ സമൻസ് അയക്കുമ്പോൾ തന്നെ ബന്ധപ്പെട്ട കക്ഷികൾ കൂടിയിരുന്ന് പ്രശ്നം പരിഹരിക്കുന്നതായും ഇത് ആശ്വാസകരമാണെന്നും ചെയർപേഴ്സൺ പറഞ്ഞു. എന്നാൽ ചില സങ്കീർണ കേസുകൾ നീണ്ടുപോകാറുണ്ട്. കോഴിക്കോട് ജില്ലയിലെ അത്തരം നാല് കേസുകളാണ് ഉത്തരവിനായി മാറ്റിവെച്ചത്.
ബാലവകാശ കമ്മീഷൻ അംഗങ്ങളായ അഡ്വ ബി മോഹൻകുമാർ, എൻ സുനന്ദ എന്നിവരും സിറ്റിങ്ങിൽ പങ്കെടുത്തു. ജില്ലാ ശിശുക്ഷേമം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംബന്ധിച്ചു.












