താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദനെ എതിരില്ലാതെ തിരഞ്ഞെടുത്തു



കൊച്ചി: താര സംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ പദവിയിലേക്ക് നടന്‍ ഉണ്ണി മുകുന്ദനെ എതിരില്ലാതെ തിരഞ്ഞെടുത്തു. സിദ്ദിഖ് ആയിരുന്നു മുന്‍ ട്രഷറി സ്ഥാനം വഹിച്ചിരുന്നത്. കഴിഞ്ഞ ഭരണ സമിതിയില്‍ കമ്മിറ്റി അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍. അതേസമയം, മൂന്നാം തവണയും ‘അമ്മ’യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികള്‍ക്കായുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാല്‍ മാത്രമാണ് പത്രിക സമര്‍പ്പിച്ചത്.
ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. സിദ്ദീഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ഈ വര്‍ഷത്തെ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
രമേഷ് പിഷാരടി, റോണി ഡേവിഡ്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, വിനു മോഹന്‍, അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയായിരുന്നു നമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ജൂണ്‍ 30-ന് കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. 506 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. 25 വര്‍ഷത്തോളം അമ്മയുടെ വിവിധ തലത്തില്‍ ഭാരവാഹിയായ ഇടവേള ബാബു ഭാരവാഹിയാകില്ലെന്നത് കൊണ്ട് തന്നെ പൊതുയോഗം ശ്രദ്ധ നേടും. ഇനി നേതൃസ്ഥാനത്തുണ്ടാകില്ലെന്ന കാര്യം ഇടവേള ബാബു നേരത്തെ തീരുമാനമറിയിച്ചിരുന്നു. കഴിഞ്ഞ തവണ ബാബു സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെങ്കിലും മമ്മൂട്ടിയുടെ വാക്കുകള്‍ക്ക് മുന്നില്‍ ബാബു തീരുമാനം മാറ്റുകയായിരുന്നു.












