‘അറിവ് നേടുക എന്നതിലുപരി നല്ല മനുഷ്യനെ വാർത്തെടുക്കുന്നതാകണം വായന’



കോഴിക്കോട്: ധാരാളം വായിച്ച് കേവലം അറിവ് നേടുക എന്നതിലുപരി ആയിട്ട്
നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്നതാകണം വായനയെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ.
കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ
ജൂൺ 19 മുതൽ ജൂലൈ 7 വരെ നടക്കുന്ന വായനപക്ഷാചരണ ത്തിന്റെ ജില്ലാതല ഉദ്ഘാടനം
മാനാഞ്ചിറ സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ ദിനേശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം കെ ചന്ദ്രൻ മാസ്റ്റർ പി എൻ പണിക്കർ അനുസ്മരണം നടത്തി.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, കോഴിക്കോട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി സുരേഷ് ബാബു എന്നിവർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.
ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ സ്വാഗതവും വൈസ് പ്രസിഡൻറ് എൻ ശങ്കരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
വിവിധ പരിപാടികളോടെയാണ് വായനാപക്ഷാചരണം
സംഘടിപ്പിക്കുന്നത്. ജില്ലയിലുടനീളം ഗ്രന്ഥശാലകളുടെ ആഭിമുഖ്യത്തിൽ ജി ശങ്കരപ്പിള്ള, ഇടപ്പള്ളി രാഘവൻ പിള്ള, പി കേശവദേവ്, പൊൻകുന്നം വർക്കി, എൻ പി മുഹമ്മദ്, കെ ദാമോദരൻ, സാംബശിവൻ, വൈക്കം മുഹമ്മദ് ബഷീർ, തിരുനല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിക്കൽ, ലഹരിവിരുദ്ധ സദസ് സംഘടിപ്പിക്കൽ, ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നീ പരിപാടികൾ നടക്കും. ജൂലൈ ഏഴിന് താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഐ വി ദാസ് ദിനാചരണത്തോടെ വായനപക്ഷാചരണ പരിപാടികൾക്ക് സമാപനമാകും.
പരിപാടിയുടെ ഭാഗമായി പ്രീ പ്രൈമറി മുതൽ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾ വിവിധ ഗ്രന്ഥശാലകൾ സന്ദർശിക്കും.












