യൂറോ കപ്പ് ഫുട്ബോളിൽ പോർച്ചുഗലിന് വിജയത്തുടക്കം

ലീപ്സിഗ്: യൂറോ കപ്പ് ഫുട്ബോളിൽ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോർച്ചുഗലിന് വിജയത്തുടക്കം. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ ജയിച്ചുകയറിയത്. ഇഞ്ചുറിടൈമിൽ പകരക്കാരനായ ഫ്രാൻസിസ്കോ കോൺസെയ്സോയുടെ വകയായിരുന്നു പറങ്കികളുടെ വിജയഗോൾ.

ഭാഗ്യം ഒരിക്കൽക്കൂടി പോരാളികൾക്കൊപ്പം നിന്നു എന്ന് പോര്‍ച്ചുഗല്‍-ചെക്ക് റിപ്പബ്ലിക്ക് മത്സരത്തെ വിശേഷിപ്പിക്കാം. കരിയറിലെ ആറാം യൂറോ കപ്പിനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും ലീപ്സിഗിലെ റെഡ് ബുള്‍ അരീനയില്‍ ആദ്യപകുതി ഗോൾരഹിതമായിരുന്നു. സാധ്യമായ വഴികളിലൂടെയെല്ലാം ഗോളിനായി പോർച്ചുഗൽ ഇരമ്പിയാര്‍ത്തു. 62-ാം മിനുറ്റില്‍ ലൂക്കാസ് പ്രോവോദ് ചെക്കിനെ മുന്നിലെത്തിച്ചു. 69-ാം മിനുറ്റില്‍ ഡിഫന്‍ഡര്‍ റോബിന്‍ റനാക്കിന്‍റെ ഓണ്‍ഗോള്‍ പോര്‍ച്ചുഗലിന് സമനില നല്‍കി. എന്നാല്‍ ഡിയഗോ ജോട്ടയുടെ ഗോള്‍ വാര്‍ നിഷേധിച്ചത് പോര്‍ച്ചുഗലിന് തിരിച്ചടിയായി.

മത്സരം 1-1ന് അവസാനിക്കും എന്ന് കരുതിയിരിക്കേ ഇഞ്ചുറിടൈമില്‍ (90+2) പകരക്കാരന്‍റെ റോളില്‍ 21കാരന്‍ ഫ്രാൻസിസ്കോ കോൺസെസാവോ പോര്‍ച്ചുഗലിന് ജയമൊരുക്കി. 90-ാം മിനിറ്റിൽ മൂന്ന് സബ്‌സ്റ്റിറ്റ്യൂഷന്‍ എടുത്ത പോർച്ചുഗൽ കോച്ച് റോബർട്ടോ മാ‍ർട്ടിനസിന്‍റെ തീരുമാനം കളിയുടെ വിധിമാറ്റുകയായിരുന്നു. ചെക്ക് പ്രതിരോധ താരത്തിന്‍റെ പിഴവിൽ നിന്നാണ് ഇരുപത്തിയൊന്നുകാരൻ ഫ്രാൻസെസ്കോ കോൺസെസാവോയുടെ വിജയഗോൾ റെഡ് ബുള്‍ അരീനയില്‍ ഹര്‍ഷാരവങ്ങളോടെ പിറന്നത്.

74 ശതമാനം സമയവും പന്ത് കാലിൽ കുരുക്കി 19 ഷോട്ടുകൾ ഉതിർത്ത പോർച്ചുഗല്‍ ഗ്രൂപ്പ് എഫില്‍ ടീമിന്‍റെ ആദ്യ മത്സരത്തില്‍ ജയം പേരിലാക്കി. എട്ട് ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ പോര്‍ച്ചുഗലിന്‍റെ പേരിലുണ്ടായപ്പോള്‍ ഒരൊറ്റ ടാര്‍ഗറ്റ് ഷോട്ടാണ് ചെക്ക് റിപ്പബ്ലിക്കിനുണ്ടായുള്ളൂ. പോര്‍ച്ചുഗല്‍ 707 പാസുകള്‍ സൃഷ്ടിച്ചപ്പോള്‍ ചെക്കിന് 255 പാസുകളെയുണ്ടായിരുന്നുള്ളൂ. എഫ് ഗ്രൂപ്പില്‍ മൂന്ന് പോയിന്‍റ് തന്നെയുള്ള തുര്‍ക്കിക്ക് പിന്നില്‍ ഗോള്‍കണക്കില്‍ രണ്ടാമന്‍മാരാണ് പോര്‍ച്ചുഗല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!