യൂറോ കപ്പില്‍ സ്‌പെയിനിന് തകര്‍പ്പന്‍ തുടക്കം; ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
എതിരാളികളുടെ ഗോള്‍മുഖത്തേക്ക് ഇരച്ചെത്തുക, കണ്‍ചിമ്മി തുറക്കും മുമ്പ് നിറയൊഴിക്കുക. ഇതായിരുന്നു യൂറോയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ പുറത്തെടുത്ത തന്ത്രം. ടിക്കി ടാക്ക പ്രതീക്ഷിച്ച കളിയാരാധകര്‍ മാത്രമല്ല ലൂക്കാ മോഡ്‌റിച്ചിന്റെ നേതൃത്വത്തിലെത്തിയ ക്രൊയേഷ്യന്‍ സംഘം വരെ സ്‌പെയിനിന്റെ ഭാവമാറ്റത്തില്‍ അന്തംവിട്ടു. ആക്രമണ ഫുട്‌ബോള്‍ പുറത്തെടുത്ത് ക്രൊയേഷ്യയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തുവിട്ടത്. 28-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ട, 32-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസ്, ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ഡാനി കാര്‍വഹാല്‍ എന്നിവരാണ് സ്‌പെയിനിനായി വല ചലിപ്പിച്ചത്.
യുവതാരം ലാമിന്‍ യമാലും ക്യാപ്റ്റന്‍ അല്‍വാരോ മൊറാട്ടയും നിക്കോ വില്യംസും ക്രൊയേഷ്യന്‍ ബോക്സിലേക്ക് ഇരച്ചെത്തിയപ്പോള്‍ ക്രൊയേഷ്യന്‍ പ്രതിരോധം അങ്കലാപ്പിലായി. നാല് അവസരങ്ങളെങ്കിലും തുറന്ന സ്‌പെയിന്‍ മുന്നേറ്റനിര 28-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. റോഡ്രി നല്‍കിയ പാസ് അനായാസം ഗോള്‍വര കടത്തി അല്‍വാരോ മൊറാട്ട സ്പെയ്നിനെ മുന്നിലെത്തിച്ചു. പന്ത് സ്വീകരിച്ച് മുന്നേറിയ മൊറാട്ട രണ്ട് ക്രൊയേഷ്യന്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് സ്‌കോര്‍ ചെയ്തു.