യൂറോ കപ്പ് ആരവത്തിനു മണിക്കൂറുകൾ; ജയത്തോടെ തുടങ്ങാൻ ജർമ്മനി, ആതിഥേയരെ ഞെട്ടിക്കാൻ സ്കോട്ട്ലാൻഡ്

ജര്‍മനി – മ്യൂണിച്ച്: യൂറോ കപ്പ് ജയത്തോടെ തുടങ്ങാന്‍ ലക്ഷ്യമിട്ട് ജര്‍മ്മനി ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 12.30 ന് നടക്കുന്ന മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡാണ് ജര്‍മ്മനിയുടെ എതിരാളികള്‍. 2018, 2022 ലോകകപ്പുകളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ യൂറോപ്യന്‍ വമ്പന്‍മാര്‍ക്ക് യൂറോകപ്പ് കിരീടം നേടുന്നതിലൂടെ തങ്ങളുടെ പ്രതാപം വീണ്ടെടുക്കുക എന്നതാവും ലക്ഷ്യം. 2006 ലെ ലോകകപ്പിന് ശേഷം ജര്‍മനിയില്‍ വിരുന്നെത്തുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തേത്.

അതുകൊണ്ട് തന്നെ വിരമിച്ച മിഡ്ഫീല്‍ഡ് ടോണി ക്രൂസിനെയടക്കം തിരിച്ചുവിളിച്ച് കരുത്തുറ്റ നിരയുമായാണ് ജര്‍മ്മനി ഇറങ്ങുന്നത്. മിഡ്ഫീല്‍ഡാണ് ജര്‍മ്മനിയുടെ കരുത്ത്. റയല്‍ മാഡ്രിഡ് താരം ടോണി ക്രൂസിന് പുറമെ ബാഴ്‌സലോണയുടെ ഇല്‍കായ് ഗുണ്ടോഗന്‍, ബയേണ്‍ മ്യൂണിക് താരങ്ങളായ ജമാല്‍ മുസിയാല, ലിറോയ് സാനെ, ബയേര്‍ ലെവര്‍കുസന്റെ അപരാജിത കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ഫ്‌ലോറിയന്‍ വിര്‍ട്‌സ് എന്നിവരെല്ലാം അടങ്ങിയ മധ്യ നിര ഒരേ സമയം മുന്നേറ്റത്തിലേക്ക് പന്ത് ചലിപ്പിക്കാനും എതിര്‍മുന്നേറ്റത്തിന്റെ മുന്നേറ്റത്തിന്റെ മുനയൊടിക്കാനും കഴിയുള്ളവരാണ്. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ കൂടിയായ ആന്‍ഡി റോബര്‍ട്ട്സണ്‍ എന്ന നായകനിലാണ് സ്‌കോട്ട്‌ലാന്‍ഡ് പ്രതീക്ഷ വെക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ സ്ട്രൈക്കര്‍ ലിന്‍ഡണ്‍ ഡൈക്സ് പുറത്തായത് സ്‌കോട്ട്‌ലാന്ഡിന് തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!