മലയാളികളുടേയും തമിഴ്നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി



കൊച്ചി: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 45 ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനമായ സി-130ജെ വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ ഇറക്കി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്.
വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗും വിമാനത്തില്‍ ഉണ്ടായിരുന്നു. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
ഉത്തര്‍പ്രദേശില്‍ നിന്നും നാലുപേര്‍, ആന്ധ്ര സ്വദേശികളായ മൂന്നുപേര്‍, ബിഹാര്‍, ഒഡീഷ, മഹാരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. അവിടെ നിന്നാണ് ഇവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹങ്ങള്‍ കൈമാറുക.












