കോഴിക്കോട് ജില്ലയിലെ പ്രധാനാധ്യാപകർക്കുള്ള ദുരന്തനിവാരണ പരിശീലനം ആരംഭിച്ചു



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകർ ക്കുള്ള ദുരന്ത നിവാരണ പരിശീലന പദ്ധതി തുടങ്ങി.
കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ 1200 ഓളം സ്കൂളുകളിലെ പ്രധാന അധ്യാപകർക്കാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും
അതാത് ജില്ല വിദ്യാഭ്യാസ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പരിശീലനം നൽകുന്നത്.
സ്കൂളുകളിൽ ദുരന്തനിവാരണ പ്ലാൻ തയാറാക്കേണ്ട വിധം, ദുരന്തനിവാരണത്തിന്റെ മുന്നൊരുക്കങ്ങൾ, സ്കൂളുകളിൽ മോക്ഡ്രിൽ നടത്തേണ്ട വിധം, കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്, സ്കൂളുകളിൽ ദുരന്തനിവാരണ ക്ലബ്ബുകൾ രൂപീകരിക്കേണ്ടത് എന്നിവയാണ് പരിശീലന ക്ലാസ്സിൽ വിശദീകരിക്കുന്നത്. വ്യാഴാഴ്ചയോടെ 600 പേർക്ക് പരിശീലനം നൽകി കഴിഞ്ഞു.
കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം പ്രൊവിഡൻസ് ഹയർസെക്കൻഡറി സ്കൂളിൽ അസിസ്റ്റന്റ് കലക്ടർ ആയുഷ് ഗോയൽ ഉദ്ഘാടനം ചെയ്തു.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ സജീദ് എസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രോഗ്രാം കോർഡിനേറ്റർ ഡോ. പ്രതീഷ് സി മാമ്മൻ ക്ലാസെടുത്തു. പ്രധാന അധ്യാപിക സിസ്റ്റർ ഫിലോമിന പോൾ, കോഴിക്കോട് ഡിഇഒ ഷാംജിത്ത് എം, ജില്ലാ ഹസാർഡ് അനലിസ്റ്റ് അശ്വതി പി എന്നിവർ സംസാരിച്ചു.
താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ താമരശ്ശേരി ഡിഇഒ മുഹ്‌യുദ്ദീൻ ഉദ്ഘാടനം ചെയ്തു.
വടകര വിദ്യാഭ്യാസ ജില്ലയിലെ പരിശീലനം ജൂൺ 14 ന് വടകര സെൻറ് ആന്റണീസ്
ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.












