റയല്‍ മാഡ്രിഡില്‍ വിരമിക്കണമെന്ന ആഗ്രഹം; ലൂക്ക മോഡ്രിച്ച്
റയല്‍ മാഡ്രിഡിലെ പ്രധാന താരങ്ങളില്‍ ഒരാളാണ് ലൂക്ക മോഡ്രിച്ച്. മിഡ് ഫീല്‍ഡറായ താരം ക്ലബ്ബിന്റെ നേട്ടങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ സീസണില്‍ റയല്‍ മാഡ്രിഡുമായി കരാര്‍ അവസാനിക്കാനിരിക്കെ കരാര്‍ പുതുക്കാതിരിക്കാനാണ് ക്ലബ്ബിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
റയല്‍ മാഡ്രിഡില്‍ വിരമിക്കാനായിരുന്നു താരത്തിന്റെ ആഗ്രഹമെങ്കിലും അത് സാധ്യമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താരത്തിന് പകരക്കാരനായി നിലവില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനായി കളിക്കുന്ന ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനെ ക്ലബ്ബിലെത്തിക്കാനാണ് റയല്‍ പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റയല്‍ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറെന്റീനോ പെരേഡസ് ബെല്ലിങ്ഹാമിന്റെ പ്രകടനത്തില്‍ ആകൃഷ്ടനാണെന്നും താരത്തെ ഉടന്‍ ക്ലബ്ബിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൂട്ടമെക്കാര്ട്ടോയെ ഉദ്ദരിച്ച് എല്‍ ഫുട്ബോളെറോയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
2012ലാണ് മോഡ്രിച് റയല്‍ മാഡ്രിഡിലെത്തുന്നത്. കരിയറിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന് ലോകത്തിലെ ഏറ്റവും മികച്ച മിഡ്ഫീല്ഡിങ് താരങ്ങളില്‍ ഒരാളായി മാറാന്‍ സാധിച്ചു. റയലിനായി കളിച്ച 473 മത്സരങ്ങളില്‍ നിന്ന് 37 ഗോളും 76 അസിസ്റ്റുമാണ് താരം അക്കൗണ്ടിലാക്കിയത്.