കുവൈറ്റിലെ മംഗഫ് തീപിടുത്തത്തില്‍ മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 49 ആയതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു



കുവൈറ്റ്: കുവൈറ്റിലെ മംഗഫ് തീപിടുത്തത്തില്‍ മരിച്ചവരില്‍ ചിലരെ തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 49 ആയതായി പ്രാദേശിക അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റു വിവിധ ആശുപത്രികളില്‍ കഴിയുന്ന പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.
മലയാളികളായ സെബീര്‍, രജിത്, അലക്‌സ്, ജോസ്, അനന്ദു, ബോംബെ സ്വദേശി സന്തോഷ്, മഹാരാഷ്ട്ര സ്വദേശി പ്രവീണ്‍, നേപ്പാള്‍ സ്വദേശി ശിവശങ്കര്‍, ആന്ധ്രാ സ്വദേശി ശ്രീവത്സലു, മധ്യപ്രദേശ് സ്വദേശി ജിതിന്‍, ബീഹാര്‍ സ്വദേശി രഞ്ജിത് പ്രസാദ് എന്നിവര്‍ മരിച്ചതായി തിരിച്ചറിഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോട് കൂടിയാണ് മങ്കഫ് ബ്‌ളാക്ക് നാലിലുള്ള കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 160 ഓളം ജീവനക്കാര്‍ താമസിക്കുന്ന ഈ കെട്ടിടത്തിലെ ഭൂരിഭാഗം പേരും മലയാളികളാണ്.
പരിക്കേറ്റ 21 പേരെ അദാന്‍ ആശുപത്രിയിലും 11 പേരെ മുബാറക് അല്‍ കബീര്‍ ആശുപത്രിയിലും 4 പേരെ ജാബിര്‍ ആശുപത്രിയിലും 6 പേരെ ഫര്‍വാനിയ ആശുത്രികളിലുമാണ് പ്രവേശിപ്പിച്ചത്.
താഴെ നിലയില്‍ തീ പടരുന്നത് കണ്ട് മുകളില്‍ നിന്ന് പലരും ചാടിയത് മൂലം ചിലര്‍ക്ക് പരിക്കേറ്റു. ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണയ്ച്ചത്.കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകളാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്സ് വൃത്തങ്ങള്‍ അറിയിച്ചു.ആഭ്യന്തര മന്ത്രി ഫഹദ് അല്‍ യൂസുഫ് അപകട സ്ഥലം സന്ദര്‍ശിച്ച് അന്വേഷണത്തിന്ഉവിട്ടു.










