ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സ് ഫീസ് വര്‍ധന; പഠിതാക്കളുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സിന്റെ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതോടെ പഠിതാക്കളുടെ എണ്ണത്തില്‍ സാരമായ കുറവ്. ഇത് ഡ്രൈവിങ് സ്‌കൂളുകളിലെ ഇന്‍സ്ട്രക്ടര്‍ നിയമനങ്ങളില്‍ കാര്യമായ കുറവ് സംഭവിക്കുന്നതിലേക്കും നയിച്ചു. വ്യവസ്ഥ കര്‍ശനമാക്കിയതില്‍ വന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് പ്രതിസന്ധിയില്ലെങ്കിലും ചെറുകിട സ്ഥാപനങ്ങള്‍ക്ക് പൂട്ട് വീഴുന്നതിലേക്ക് ഇത് നയിക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പഠിതാക്കളെ ടെസ്റ്റിനെത്തിക്കേണ്ടത് അംഗീകൃത പരിശീലകന്‍ നേരിട്ടായിരിക്കണമെന്ന പുതിയ വ്യവസ്ഥ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു അംഗീകൃത പരിശീലകന്‍ ഒന്നിലധികം സ്‌കൂളുകളുടെ ടെസ്റ്റ് നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയതും ഇന്‍സ്ട്രക്ടര്‍മാരുടെ കുറവുണ്ടായിരിക്കേ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.
മലപ്പുറം എടപ്പാളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള (ഐ.ഡി.ടി.ആര്‍) മാത്രമാണ് ഇന്‍സ്ട്രക്ടര്‍ കോഴ്സ് നടത്തുന്നത്.
ഒന്‍പത് ആഴ്ചത്തെ കോഴ്സിനും തൊഴില്‍ പരിശീലനത്തിനുമുള്‍പ്പെടെ 3,000 രൂപയായിരുന്നു ഫീസ്. എന്നാല്‍ ഇപ്പോഴത് 37,500 രൂപയായി വര്‍ധിപ്പിച്ചു. ഇത് താങ്ങാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കഴിയാതെ വന്നതോടെ ഇന്‍സ്ട്രക്ടര്‍ കോഴ്സിലേക്ക് പഠിതാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു.
ഒരു വര്‍ഷം ഐ.ടി ഡിപ്ലോമയുള്ള ബി.ടെക് കഴിഞ്ഞവര്‍ക്കാണ് തസ്തികയില്‍ മുന്‍ഗണന. ബി.ടെക്കുകാര്‍ ഈ വരാതായതോടെ ഒരു വര്‍ഷം ഐ.ടി ഡിപ്ലോമ നേടിയ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് പ്രവേശനം നല്‍കി. ഇതുകൊണ്ടും പ്രയോജനമുണ്ടാകാതെ വന്നപ്പോഴാണ് ഐ.ഡി.ടി.ആറിലെ കോഴ്സ് കഴിഞ്ഞവരെ പരിഗണിക്കാമെന്ന നിര്‍ദേശമുണ്ടായത്.
ആര്യാടന്‍ മുഹമ്മദ് ഗതാഗത മന്ത്രിയായിരിക്കേയാണ് ഈ വ്യവസ്ഥ നടപ്പാക്കിയത്. എന്നാല്‍ ഇപ്പോള്‍ യാതൊരു ചര്‍ച്ചയുമില്ലാതെ സര്‍ക്കാര്‍ ഫീസ് കുത്തനെ വര്‍ധിപ്പിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പറയുന്നത്. നിര്‍ദിഷ്ട യോഗ്യതയുള്ളവര്‍ ഇന്‍സ്ട്രക്ടര്‍മാരായിരിക്കണമെന്ന് ഡ്രൈവിങ്‌സ്‌കൂള്‍ ലൈസന്‍സിലുള്ള വ്യവസ്ഥകളിലുണ്ടെന്നിരിക്കേ, ഇതുവരെയും ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ മാത്രമാണ് അംഗീകൃത ഇന്‍സ്ട്രക്ടര്‍മാര്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ചിരുന്നത്.
അതുകൊണ്ടുതന്നെ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത് സ്‌കൂളുകളുടെ നടത്തിപ്പിനെത്തന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മുമ്പ് ഈ നിര്‍ദേശം കര്‍ശനമാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ കണ്ണടച്ചിരുന്നെങ്കിലും ഗതാഗതമന്ത്രിയുടെ പുതിയ നിര്‍ദേശങ്ങളില്‍ ഇത് പ്രധാനമായി ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.