ലോകകപ്പ് യോഗ്യത മത്സരം: ഇന്ത്യ ഇന്ന് ഖത്തറിനെ നേരിടും



ലോകകപ്പ് യോഗ്യത ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനായി ഇന്ത്യ ഇന്ന് ഖത്തറിനെതിരേ കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി 9.15ന് ദോഹയിലെ ജാസിം ബിൻഹമദ് സ്റ്റേഡിയത്തിലാണ് പോരാട്ടം. കുവൈത്തിനെതിരേ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യ സമനിലയിൽ പിരിഞ്ഞിരുന്നു.
നിലവിൽ അഞ്ചു മത്സരത്തിൽ നിന്ന് അഞ്ചു പോയിന്റുള്ള ഇന്ത്യ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് അടുത്ത റൗണ്ട് ഉറപ്പിക്കാം. എന്നാൽ സമനില ലഭിക്കുകയാണെങ്കിൽ മൂന്നാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്റെ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഭാവി.
നാലാം സ്ഥാനത്തുള്ള കുവൈത്തിനും അടുത്ത റൗണ്ടിന് സാധ്യതുണ്ട്. അഞ്ചു മത്സരത്തിൽ നിന്ന് നാലു പോയിന്റുള്ള കുവൈത്ത് ജയിക്കുകയും ഇന്ത്യ തോൽക്കുകയും ചെയ്താൽ കുവൈത്തിന് അടുത്ത റൗണ്ട് ഉറപ്പിക്കാം. ഇന്ന് രാത്രി 11.15 നാണ് കുവൈത്ത്-അഫ്ഗാനിസ്ഥാൻ മത്സരം. ക്യാപ്റ്റൻ സുനിൽ ഛേത്രി വിരമിച്ചതിനാൽ ഗോൾകീപ്പർ ഗുർപ്രീത് സിങ്ങ് സന്ധുവായിരിക്കും ഇന്ത്യയെ നയിക്കുക.












