ആപ്പിള്‍ കമ്പനി ഓപ്പണ്‍ എഐയുമായുള്ള സഹകരണം, വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

സന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ കമ്പനി ഓപ്പണ്‍ എഐയുമായുള്ള സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്. തന്റെ കമ്പനികളില്‍ ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്നാണ് മസ്‌ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി നടന്ന വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ ആപ്പിള്‍ ഓപ്പണ്‍ എഐ സഹകരണം പ്രഖ്യാപിച്ചിരുന്നു.

ഇതിനെതിരെ നിരവധി ട്വീറ്റുകളാണ് മസ്‌ക് നടത്തിയിട്ടുള്ളത്. അതേസമയം ആപ്പിളിന്റെ സിരി ഡിജിറ്റല്‍ അസിസ്റ്റന്റ് വഴി ഉപഭോക്താക്കള്‍ക്ക് ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടി ചാറ്റ്ബോട്ടിലേക്ക് ആക്സസ് ഉണ്ടായിരിക്കുമെന്നും ആപ്പിള്‍ അറിയിച്ചു. ഇതിന് പിന്നാലെ ഈ വര്‍ഷാവസാനം പുതിയ എഐ ഫീച്ചറുകളുടെ ഒരു സ്യൂട്ട് പുറത്തിറക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

അതേസമയം, ആപ്പിള്‍ നിങ്ങളുടെ വിവരം ചോര്‍ത്തി ഓപ്പണ്‍ എഐയ്ക്ക് നല്‍കുകയാണ് എന്നാണ് മസ്‌ക് ഉയര്‍ത്തുന്ന  ആരോപണം. ടിം കുക് അടക്കമുള്ളവരുടെ ട്വീറ്റുകളില്‍ മസ്‌ക് ഇതിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ഓപ്പണ്‍ എഐ സഹകരണവുമായി ആപ്പിള്‍ മുന്നോട്ട് പോയാല്‍ തന്റെ കമ്പനിയില്‍ നിന്നു ആപ്പിള്‍ ഉപകരണങ്ങള്‍ നിരോധിക്കുമെന്നാണ്  മസ്‌ക് വ്യക്തമാക്കുന്നത്.

അതേസമയം മസ്‌കിന് ആപ്പിള്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. ആപ്പിളിന്റെ വേള്‍ഡ്വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സിലെ അവതരണത്തില്‍ ഐഫോണ്‍, ഐപാഡ്, മാക് കംപ്യൂട്ടറുകള്‍ക്കായി ഈ വര്‍ഷാവസാനം ‘ചാറ്റ്ജിപിടി ഇന്റഗ്രേഷന്‍’ അതിന്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്ക് വരുമെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ ഉപയോക്തൃ ഡാറ്റ ട്രാക്ക് ചെയ്യില്ലെന്നും അതിനായി മുന്‍കരുതലുകള്‍ ഉണ്ടാകുമെന്നും ആപ്പിള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!