ദുരന്ത നിവാരണ ഉപകരണങ്ങള്‍ ഐഡിആർഎന്‍ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാന്‍ പരിശീലനം നല്‍കി

കോഴിക്കോട്: പ്രളയം, മണ്ണിടിച്ചില്‍ ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളിലും തീപ്പിടിത്തം പോലുള്ള അപകടങ്ങളിലും ദുരന്തനിവാരണത്തിനായി ഉപയോഗിക്കാവുന്ന വ്യത്യസ്ത ഉപകരണങ്ങള്‍, സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവ ഇന്ത്യ ഡിസാസ്റ്റര്‍ റിസോഴ്സ് നെറ്റ്‌വര്‍ക്ക് (ഐഡിആര്‍എന്‍) വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിന് ബന്ധപ്പെട്ട വിവിധ ഏജന്‍സികളിലെയും വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം സംഘടിപ്പിച്ചു.

ദുരന്ത മേഖലകളില്‍ ഉപയോഗിക്കുന്നതിനായുള്ള സാധന സാമഗ്രികള്‍ പലയിടങ്ങളിലായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കൈവശങ്ങളിലായി ചിതറിക്കിടക്കുന്നതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ അവയുടെ എളുപ്പത്തിലുള്ള ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഐഡിആര്‍എന്‍ വെബ്സൈറ്റില്‍ അവ അപ്ലോഡ് ചെയ്യുന്നത്.

കലക്ടറേറ്റിലെ ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എസ് സജീദിന്റെ അധ്യക്ഷതയില്‍ ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി പരിശീലനത്തിന് നേതൃത്വം നല്‍കി.

2018, 2019 വര്‍ഷങ്ങളില്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങളില്‍ ജനകീയ പങ്കാളിത്തത്തോടെ മികച്ച രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചിരുന്നതായി സജീദ് പറഞ്ഞു. അത്തരം ഘട്ടങ്ങളില്‍ ദുരന്തനിവാരണത്തിന് ആവശ്യമായ വിഭവങ്ങളുടെ പെട്ടെന്നുള്ള സമാഹരണം വലിയൊരു വെല്ലുവിളിയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ എന്തൊക്കെയാണെന്നും അവ എവിടെയൊക്കെയാണ് ഉള്ളതെന്നും ഉപയോഗയോഗ്യമാണോ എന്നും മുന്‍കൂട്ടി മനസ്സിലാക്കുന്നത് ദുരന്ത നിവാരണത്തില്‍ നിര്‍ണായകമാണ്. ഈയൊരു ലക്ഷ്യത്തോടെയാണ് ഐആര്‍ഡിഎന്‍ പോര്‍ട്ടലില്‍ ജില്ലയിലെ റസോഴ്‌സുകള്‍ അപ്ലോഡ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പോലീസ്, തീരദേശ പോലീസ്, ഫയര്‍ഫോഴ്‌സ്, ജലസേചനം , ഫിഷറീസ്, ആരോഗ്യം, കെഎസ്ഇബി, വനം, ആര്‍ടിഒ, റവന്യൂ, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം തുടങ്ങിയ എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

പരിശീലന ശില്‍പശാലയില്‍ കോഴിക്കോട് ജില്ലയില്ലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വകാര്യ വ്യക്തികളുടേയും ഉടമസ്ഥതയിലുള്ള റിസോഴ്‌സുകളുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പ് നോഡല്‍ ഓഫീസര്‍മാര്‍ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തു.

ദുരന്തവേളകളില്‍ ഉപയോഗിക്കുന്നതിനുള്ള മണ്ണ് മാന്തി യന്ത്രങ്ങള്‍, ലൈഫ് ജാക്കറ്റുകള്‍, റോപ് ലാഡര്‍, ടോര്‍ച്ച് ലൈറ്റുകള്‍, സെര്‍ച്ച് ലൈറ്റുകള്‍, ഫൈബര്‍ ബോട്ടുകള്‍, ലൈഫ് ജാക്കെറ്റുകള്‍, ഫിഷറീസ് വകുപ്പിന്റേയും സ്വകാര്യ വ്യക്തികളുടെയും ബോട്ടുകള്‍, ടാങ്കര്‍ അപകടങ്ങളില്‍ ഉപയോഗിക്കുന്നതിനുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ സംവിധാനങ്ങള്‍ തുടങ്ങിയവയാണ് പോര്‍ട്ടലില്‍ പുതുതായി അപ്‌ഡേറ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!