ഹയർസെക്കൻഡറി എൻഎസ്എസ്സിന്റെ സമൃദ്ധി പദ്ധതിക്ക് ജില്ലയിൽ തുടക്കം



കോഴിക്കോട്: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ഭക്ഷ്യവ്യവസ്ഥ എന്നിവ ലക്ഷ്യമിട്ട് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന സമൃദ്ധി പദ്ധതിക്ക് ജില്ലയിൽ തുടക്കം. 2024 പരിസ്ഥിതി ദിന പ്രമേയമായ ഭൂമി പുനരുദ്ധാരണം, വരൾച്ച പ്രതിരോധം, മരുഭൂവൽക്കരണം. എന്നിവ സംബന്ധിച്ച് വിപുലമായ ക്യാമ്പയിനാണ് പദ്ധതിയുടെ ഭാഗമായി നടക്കുന്നത്.
പ്രാദേശികമായി ലഭ്യമായ സീസണൽ ഫലങ്ങളായ ചക്ക, മാങ്ങ, ആത്ത, പേരക്ക, സപ്പോർട്ട, ചാമ്പ, ആഞ്ഞിലി തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വളണ്ടിയർമാർക്ക് വിത്ത് ശേഖരണം, ശാസ്ത്രീയമായി വിത്ത് മുളപ്പിക്കൽ തുടങ്ങിയ മേഖലകളിൽ കർഷകരുടെ സഹായത്തോടെ പരിശീലനം നൽകുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു. ഓരോ വളണ്ടിയർമാരും 10 തൈകൾ വീതം തയാറാക്കി ഒരു യൂണിറ്റ് പരമാവധി 500 തൈകൾ ആണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. ജില്ലയിലെ 153 യൂണിറ്റുകളിൽ നിന്നും 76500 തൈകൾ പദ്ധതിയുടെ ഭാഗമായി തയാറാക്കും.
ലോക പരിസ്ഥിതി ദിനാചരണവും സമൃദ്ധി പദ്ധതിയുടെ കോഴിക്കോട് സൗത്ത് ജില്ലാതല ഉദ്ഘാടനവും പന്നൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. ആർ ഡി ഡി എം സന്തോഷ്കുമാർ തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എ ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയിൽ കർഷകശ്രീ ഫരീദ് ഹാജിയെ ആദരിച്ചു. എൻ എസ് എസ് കോഴിക്കോട് സൗത്ത് ജില്ലാ കോ-ഓർഡിനേറ്റർ ഫൈസൽ എം കെ മുഖ്യാതിഥിയായി. എൻ എസ് എസ് യൂണിറ്റ് തയാറാക്കിയ ഇതളുകൾ എന്ന കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. തുടർന്ന് ജില്ലയിലെ എൻഎസ്എസ് വളണ്ടിയർമാർക്ക് പന്നൂർ എൻഎസ്എസ് യൂണിറ്റ് തയാറാക്കിയ ഫലവൃക്ഷതൈകൾ വിതരണം ചെയ്തു.
പ്രിൻസിപ്പൽ സരിത എം ബി, വാർഡ് മെമ്പർ ഇന്ദു സനിത്ത്, എൻ എസ് എസ് ക്ലസ്റ്റർ കോ-ഓർഡിനേറ്റർ പി കെ സുധാകരൻ, ഹെഡ്മിസ്ട്രസ്സ് സ്മിത പി, എസ് എം സി ചെയർമാൻ പ്രഭാകരൻ, കുമാരി റിൻഷ ഫാത്തിമ എന്നിവർ സംസാരിച്ചു.












