എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടികൂടിയ ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കോഴിക്കോട്:  എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടികൂടിയ ഷാറൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. കനത്ത സുരക്ഷയിലാണ് പൊലീസ് കോടതിയിലേക്കെത്തിയത്. കോടതി പരിസരത്തും വന്‍ സുരക്ഷയാണ് പൊലീസൊരുക്കിയത്. കോടതിയില്‍ നിന്നും മാലൂര്‍ക്കുന്ന് എ ആര്‍ ക്യാമ്പില്‍ എത്തിച്ചു.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ് പാല്‍മീണ മാലൂര്‍ ക്യാമ്പിലെത്തി, അവിടെവെച്ചാകും ആദ്യം ചോദ്യംചെയ്യുക. അതിന് ശേഷം തെളിവെടുപ്പ്പൂര്‍ത്തിയാക്കും

കരള്‍ രോഗവും, ശരീരത്തിലേറ്റ മറ്റ് പരിക്കുകളും കാരണം ഷാറൂഖ് സെയ്ഫിയെ വ്യാഴാഴ്ച്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെളളിയാഴ്ച രാവിലെ മെഡിക്കല്‍ കോളേജില്‍ നേരിട്ട് എത്തിയ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് 14 ദിവസം റിമാന്റില്‍ വിടുകയായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമല്ല എന്ന മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിന്നീട് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇയാളെ ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചു. ഇതോടെ വിശദമായ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനും കസ്റ്റഡിയില്‍ വിട്ട് കിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു

ഷാറൂഖ് സെയ്ഫിയുടെ കൈയില്‍ നേരിയ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരമാസകലം ഉരഞ്ഞ പാടുകളുണ്ട്. ഇത് ട്രെയിനില്‍ നിന്നുള്ള വീഴ്ചയില്‍ പറ്റിയതാണെന്നാണ് വിലയിരുത്തല്‍. മുറിവുകള്‍ക്ക് നാല് ദിവസത്തെ പഴക്കമുണ്ട്. കണ്‍പോളകളിലെ മുറിവ് ഗൗരവമുള്ളതല്ല. സിടി സ്‌കാന്‍ എക്‌സ്‌റെ പരിശോധനകളിലും കുഴപ്പമില്ലന്നാണ് മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!