‘ മനസ്സിനെ തൊട്ടറിഞ്ഞ പരിശീലകൻ ‘ പ്രസാദ് വി. ഹരിദാസൻ എഴുതുന്നു

കോഴിക്കോട്: 2024 മെയ് 31 ന് തൃശ്ശൂർ കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും റിട്ടയർ ചെയ്യുന്ന പ്രശസ്ത ഫുട്ബാൾ പരിശീലകനും , പ്രിയ ഗുരുനാഥനുമായ പ്രൊഫ. വി എ നാരായണ മേനോനെക്കുറിച്ച് …

1993 ജൂലായ് മാസം കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ് കാന്റീനിലെ ഒരു പ്രഭാതം,  അപകർഷതാ ബോധത്താൽ , എല്ലാ ഇടങ്ങളിലും അന്ന് body shaming (ശാരീരാകാധിക്ഷേപം) നേരിട്ട് ജീവിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ജീവിതത്തോട് വലിയ മതിപ്പൊന്നുമില്ലാതിരുന്ന ഒരു കാലം. കാന്റീനിന്റെ ഒരു മൂലയിൽ ചായ കുടിക്കാനിരിക്കുകയായിരുന്നു ഞാൻ. നന്നെ ചെറുപ്പക്കാരനായ ഒരാൾ കടന്നു വന്നു യാദൃശ്ചികമായി എന്റെ അടുത്ത് വന്നിരുന്നു.
ഒന്നു പുഞ്ചിരിച്ചു.

‘ തന്റെ പേരെന്താ?
പേര് പറഞ്ഞു. ‘ഏത് ഇയർ ആണ് ?’
അതും പറഞ്ഞു. അടുത്ത ചോദ്യം സ്പോർട്സിൽ താൽപ്പര്യമില്ലേ എന്നായിരുന്നു . താൽപ്പര്യമുണ്ടെന്ന മറുപടി നൽകി. പക്ഷെ ഇപ്പോൾ കളിക്കാനൊന്നും പോകാറില്ലെന്നും പറഞ്ഞു. നേരിടുന്ന പ്രശ്നത്തെപ്പറ്റി സൂചിപ്പിച്ചു. ആളുകളിൽ നിന്നകന്ന് ലൈബ്രറിയിൽ നിന്ന് കിട്ടുന്ന പുസ്തകങ്ങളും, പത്രങ്ങളുമാണെന്റെ ഏക ലോകമെന്ന് പറഞ്ഞു. അദ്ദേഹം ഒക്കെ കേട്ടിരുന്നു. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടെന്ന മട്ടിൽ പിറ്റേന്ന് രാവിലെ തന്നെ ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിലെത്താൻ പറഞ്ഞു. പൊടുന്നനെ പരിചയപ്പെട്ട ഒരു വ്യക്തി കാണിച്ച പരിഗണനാ പൂർണ്ണമായ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി. ഒരു പരിഹാസ പാത്രമായി ഞാനെന്നെ തന്നെ കണ്ടിരുന്ന ആ കാലഘട്ടത്തിൽ ഒരു കോളേജ് പ്രൊഫസർ ഇത്രയും പരിഗണനയും, ബഹുമാനവും കലർന്ന ഭാഷയിൽ പെരുമാറിയപ്പോൾ എനിക്കെന്നോടു തന്നെ ഒരിഷ്ടം തോന്നാൻ തുടങ്ങി. നമ്മളെ അംഗീകരിക്കാനും പ്രശ്നങ്ങൾ പങ്കു വെക്കാനും ഇവിടെ ആളുകളുണ്ടെന്ന തിരിച്ചറിവ് എന്നിൽ വലിയ സന്തോഷമുണ്ടാക്കി.

ഇഷ്ട കായിക ഇനം ഫുട്ബാൾ ആണെന്ന് പറഞ്ഞെങ്കിലും, അടുത്തതായി പറഞ്ഞത് അത് ലറ്റിക്സായിരുന്നു. പല കാരണങ്ങളാലായിരുന്നു ഇങ്ങനെ ഒരു ചുവടു മാറ്റം.
കിലോമീറ്റററുകളോളം ഓടി സ്കൂളിൽ പോയിരുന്ന എത്യോപ്യയുടെ പ്രശസ്ത ദീർഘ ദൂര ഓട്ടക്കാരൻ അബീബ് ബീക്കിലയുടെ കഥ വായിച്ചിരുന്ന കാലമായിരുന്നു അത്.ദീർഘ ദൂര ഓട്ടക്കാരനാക്കാൻ കൊതിച്ച സമയം. എല്ലാം ഒറ്റക്ക് സഹിച്ചാൽ മതിയല്ലോ എന്നതായിരുന്നു ഓട്ടത്തിലേക്ക് പെട്ടെന്നെത്തിച്ചത്.
ദീർഘ ദൂര ഓട്ടം പിന്നീട് മധ്യദൂരമാക്കി മാറ്റി. സാറിന്റെ കീഴിൽ അങ്ങനെ അത് ലറ്റിക് സ് പരിശീലനമാരംഭിച്ചു. basic warm up, ground training, beach training, hill training എന്നിങ്ങനെ വിവിധ രീതികളിൽ അദ്ദേഹം ട്രയിനിംഗ് തന്നു. (അന്ന് അത്ലറ്റിക്സ് ടീമിൽ കെ. കെ. രാജീവ്, ആദം, ശശി, ഗഫൂർ, സഹീർ അലി, ഹരീഷ് എന്നിവരൊക്കെയുണ്ടായിരുന്നു) എന്നെ സംബന്ധിച്ച് എല്ലാം പുതുമയാർന്ന അനുഭവങ്ങൾ. അന്ന് എല്ലാ പിന്തുണയുമായി കായിക വിഭാഗം മേധാവിയായിരുന്ന പ്രൊഫ. ബാലഗോപാൽ സാറുമുണ്ടായിരുന്നു. ഈ സമയത്ത്
ഫുട്ബാൾ കളിയോട് തൽക്കാലം വിട വാങ്ങേണ്ടി വന്നു. അപ്പോൾ
ജില്ലാ അത് ലറ്റിക്സ് മീറ്റിലും, മറ്റു പ്രാദേശിക മീറ്റുകളിലും സമ്മാനങ്ങൾ ലഭിച്ചിരുന്നു.
അത്ലറ്റായെങ്കിലും ഫുട്ബാൾ കളിക്കാത്തതിൽ വിഷമമുണ്ടായിരുന്നു. കോളേജ് പഠനം അപ്പോഴേക്കും അവസാനിച്ചിരുന്നു.

കോളേജ് ഗ്രൗണ്ടിൽ വച്ച് പരിചയപ്പെട്ട കോളേജ് ഫുട്ബാൾ ടീമംഗം പി. നിയാസ് റഹ് മാനുമായി അന്നേ നല്ല സൗഹൃദം സ്ഥാപിച്ചിരുന്നു. പിന്നീട് നിയാസുമൊത്ത് നിരവധി പ്രാദേശിക ടൂർണ്ണമെന്റുകൾ കളിച്ചു. അപ്പോഴേക്കും നാരായണൻ സാറ് കോഴിക്കോട് വിട്ട് തൃശ്ശൂരെത്തിയിരുന്നു.
കോളേജ് വിട്ടെങ്കിലും നാരായണൻ സാറുമായുള്ള ബന്ധം കത്തുകളിലൂടെ തുടർന്നു.
പിന്നീട് കേരള കൗമുദിയിലും, ചന്ദ്രികക്ക് വേണ്ടിയും കുറച്ചു കാലം കായിക പത്രപ്രവർത്തനം നടത്തിയപ്പോഴും സാറ് എല്ലാ പിന്തുണയും തന്നു. അതിന് ശേഷം BSNL ൽ ജോലി ലഭിച്ച് കേരള BSNL ഫുട്ബാൾ ടീമിൽ ഉൾപ്പെട്ടപ്പോൾ അക്കാര്യം ഞാനാദ്യം അറിയിച്ചത് സാറെയായിരുന്നു. (പിന്നീട് ഇന്ത്യൻ BSNL ടീമിലും സെലക്ഷൻ ലഭിച്ചു). 2001 ൽ സ്പോർട്സ് ലേഖകനുള്ള ജി വി രാജാ അവാർഡ് ലഭിച്ചപ്പോൾ സാറിന് വലിയ സന്തോഷമായി. പിന്നീട് ഫുട്ബാൾ പരിശീലകനാകാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അതിന് എല്ലാ പിന്തുണയും നൽകി. 2012 – ൽ നിയാസ് റഹ്മാനൊപ്പം രൂപീകരിച്ച KFTC യുടെ ടെക്നിക്കൽ അഡ്വൈസറാകാനും സാറ് തയ്യാറായി. പേര് നിർദ്ദേശിച്ചതും സാറായിരുന്നു.

2013 കാലഘട്ടത്തിൽ, ഇന്ത്യൻ അണ്ടർ – 17 ലോകകപ്പ് ടീമിന്റെ ആദ്യ പരിശീലകനായിരുന്ന നാരായണൻ സാറിന്റെ നേതൃത്വത്തിൽ ഗോവയിൽ നടന്ന ക്യാമ്പ് സന്ദർശിക്കാൻ അവസരം ലഭിച്ചു. 2016-ൽ കളിയിടങ്ങളെയും, പൊതു ഇടങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന ‘ജേർണി ടു’ ദി ഗോൾ’ സംവിധാനം ചെയ്തപ്പോഴും, 2017-ൽ ‘ കളി കളിസ്ഥലം പരിപാലനം ‘ എന്ന പുസ്തകം എഡിറ്റ് ചെയ്തപ്പോഴും (പ്രൗഢഗംഭീരമായ ഒരു ലേഖനം തന്ന് ആ പുസ്തകത്തെ സാറ് അനുഗ്രഹിച്ചു) സാറിന്റെ പൂർണ്ണ പിന്തുണയുണ്ടായിരുന്നു.

കേരളം മുഴുവൻ കളിയിട – പൊതുയിട ആശയങ്ങൾ പ്രചരിപ്പിക്കാനായി ഇറങ്ങിയപ്പോഴും പിന്തുണയുമായി സാറ് ഒപ്പമുണ്ടായിരുന്നു . അവസാനമായി വിനീത് ശ്രീനിവാസൻ ആലപിച്ച് ഞാൻ സംവിധാനം ചെയ്ത ‘ Let’ s play’ എന്ന ഗാനത്തിനും സാറ് എല്ലാവിധ പ്രോത്സാഹനവും തന്നു .
ഇങ്ങനെ വ്യക്തിപരമായും അല്ലാതെയുള്ള എല്ലാ കാര്യങ്ങളിലും സാറ് എന്നും ഒപ്പമുണ്ടെന്നത് വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹത്തിന്റെ ആയിരക്കണക്കിന് ശിഷ്യരിൽ ഒരാൾ മാത്രമാണ് ഞാൻ.
ഒരധ്യാപകൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമോദാഹരണമാണ് നാരായണൻ സാറ്, എല്ലാ സ്ഥലത്തും തഴയപ്പെട്ട്, വിഷാദ രോഗത്തിലേക്ക് എത്താൻ സാധ്യതയുണ്ടായിരുന്ന എന്നെ, ശക്തി – ദൗർബല്യങ്ങൾ മനസ്സിലാക്കി, അംഗീകരിച്ച്, പ്രോത്സാഹിപ്പിച്ച് അദ്ദേഹം നടത്തിയ ഇടപെടലാണ് എനിക്ക് എന്നെ തന്നെ ഇഷ്ടപ്പെടാൻ കാരണമായത്. അദ്ദേഹത്തെ പോലെ ഒരധ്യാപകൻ ഇല്ലായിരുന്നുവെങ്കിൽ എന്തായിരിക്കും എന്റെ സ്ഥിതി എന്ന് ഞാൻ ആലോചിക്കാറുണ്ട്. ദയ, കരുണ, സ്നേഹം, പരിഗണന എന്നിങ്ങനെ അദ്ദേഹം ചൊരിഞ്ഞ അനുഗ്രഹം ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റ സഹധർമ്മിണി ഗീത ചേച്ചിയെപ്പറ്റിയും സൂചിപ്പിക്കാതെ ഈ എഴുത്ത് പൂർണ്ണമാകില്ല.

എന്റെ ഉയർച്ച – താഴ്ചകളിൽ നാരായണൻ സാറിനൊപ്പം കൂടെ ഗീത ചേച്ചിയും ഉണ്ടായിരുന്നു. നർമ്മത്തിൽ ചാലിച്ച് ഗീത ചേച്ചി പറയുന്ന ഓരോ വാക്കുകളും വലിയ പോസിറ്റീവ് എനർജിയാണ് നൽകുക. നാരായണൻ സാറിന്റ വളർച്ചയിൽ വളരെ ത്യാഗപൂർണ്ണമായ സംഭാവന നൽകിയിട്ടുണ്ട് ഗീത ചേച്ചി. ജ്യേഷ്ഠ സഹോദരിയെപ്പോലെ ഞാൻ ബഹുമാനിക്കുന്ന ഗീത ചേച്ചിക്ക് ബിഗ് സല്യൂട്ട്.
കൂടാതെ മകൾ പാർവ്വതി, മകൻ അരവിന്ദ് എല്ലാവരും എന്റെ പ്രിയപ്പെട്ടവർ.
സ്നേഹ സമ്പന്നമായ ഒരു കുടുംബം . ഇനി ഫുട്ബാളിന്റെ വികാസത്തിനായി കൂടുതൽ സമയം കണ്ടെത്താൻ സാറിനാകട്ടെയെന്ന് ആശംസിക്കുന്നു.
ആയുർ ആരോഗ്യ സൗഭാഗ്യങ്ങൾ നേരുന്നു. – പ്രസാദ് വി ഹരിദാസൻ .

NB: ‘ മേനോൻ കോച്ചിനൊപ്പം ഒരു സായാഹ്നം’ എന്ന് പേരിട്ട് 18/5/2024 ന് (ശനി) തൃശൂർ ഹോട്ടൽ ഗരുഡയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് അവിടെ കുറച്ചു നേരം പുല്ലാങ്കുഴൽ വായിക്കാനും സാധിച്ചു. അതിനവസരം തന്ന പ്രിയപ്പെട്ട കോച്ചസ് ഹമീദിനും Hameed Kallingalpeedikayil , ശിവറാമിനും Sivaram Thekkoot , ഹാരി ബെന്നിക്കും Haary Benny പ്രത്യേകം നന്ദി…🙏🙏🙏🙏

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!