ഓണ്‍ ലൈന്‍ വ്യാപാരം നിയന്ത്രണ വിധേയമാക്കണം; വ്യാപാര വ്യവസായി ഏകോപന സമിതി


കൊയിലാണ്ടി: ഓണ്‍ ലൈന്‍ വ്യാപാരം ചില ഉപാധികള്‍ വെച്ചു കൊണ്ട് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വൈവാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് ലഭ്യമായികൊണ്ടിരിക്കുന്ന ക്ഷേമനിധി പെന്‍ഷന്‍ തുക കാലാനുസൃതമായ വര്‍ദ്ധനവ് ആവശ്യമാണെന്നും, തെരുവ് കച്ചവടക്കാര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം കൊടുക്കാതെ അവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്നും, കെ സ്മാര്‍ട്ട് വഴി വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാന്‍ ഈടാക്കുന്ന സര്‍വ്വീസ് ഫീസ് ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കൊയിലാണ്ടി വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ. എസ്. മനോജ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായിരുന്ന നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് പ്ലസ് ടു പരീക്ഷയില്‍ മഴുവന്‍ മാര്‍ക്കും നേടിയ ടി. പി. നന്ദിതയെ ഉപഹാരം സമര്‍പ്പിച്ച് അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.പി. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. രക്ഷാധികാരി പി.കെ. കബീര്‍ സലാല മുഖ്യപ്രഭാഷണം നടത്തി. പരിപാടിയില്‍ മുതിര്‍ന്ന വ്യാപാരികളായ എന്‍. മുഹമ്മദ്, വിജയന്‍ വൈദ്യര്‍ എന്നിവരെ ആദരിച്ചു.

സംസ്ഥാന ട്രഷറര്‍ കെ. എം. നാസറുദീന്‍, ജില്ലാ സെക്രട്ടറി കെ. സുധാകരന്‍, ട്രഷറര്‍ വി. പി. അബ്ദുള്ള, നഗരസഭാംഗങ്ങളായ മനോജ് പയറ്റുവളപ്പില്‍, വി. പി. ഇബ്രാഹിം കുട്ടി, കെ. കെ. വൈശാഖ്, പി. ജിഷ, പി. ദൃശ്യ, യൂണിറ്റ് ഭാരവാഹികളായ എം. ശശീന്ദ്രന്‍, എന്‍. ഷറഫുദ്ദീന്‍, വി. പി. ബഷീര്‍, ടി. കെ. ഗിരീഷ് കുമാര്‍, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ അസീം മീഡിയ, സതീഷ് വസന്ത്, അഭിഭാഷകനായ എം. സഞ്ജീവന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി കെ. പി. ശ്രീധരന്‍ (പ്രസിഡന്റ്), എം. ശശീന്ദ്രന്‍ (സെക്രട്ടറി), എന്‍. ഷറഫുദ്ദീന്‍ ട്രഷറര്‍, രക്ഷാധികാരി പി. കെ. കബീര്‍ സലാല എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!