‘ചേമഞ്ചേരി’ ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം – കെ. ശങ്കരന്‍ രചിച്ച പുസ്തകം മെയ് 19 ന് പ്രകാശനം ചെയ്യും



കൊയിലാണ്ടി: ‘ചേമഞ്ചേരി’ ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം – കെ. ശങ്കരന്‍ രചിച്ച പുസ്തകം മെയ് 19 ഞായറാഴ്ച മൂന്നു മണിക്ക് പൂക്കാട് എഫ്. എഫ്. ഹാളില്‍ വെച്ച് പ്രകാശനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷയായ സ്വാഗതസംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി 1928- 29 മുതല്‍ 1942 ല്‍ ആരംഭിച്ച ആഗസ്റ്റ് വിപ്ലവ കാലം വരെ ഗ്രാമത്തില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും പഴയ തലമുറയുടെ ഓര്‍മ്മ പുതുക്കുന്നതിനും വേണ്ടിയുള്ള ഒരു ശ്രമമാണ് പുസ്തക രചനയും വിപുലമായ പുസ്തക പ്രകാശനവും.
1930- ല്‍ ബെല്ലാരി സെന്റര്‍ ജയിലിലെ മൈനര്‍ ബ്ലോക്കില്‍ തടവുകാരനായി അടയ്ക്കപ്പെട്ട കാരോളി ഉണ്ണി നായരില്‍ തുടങ്ങി 1942 കാലത്ത് മകന്‍ ശങ്കുണ്ണിയോടൊപ്പം ദേശീയ പ്രസ്ഥാനത്തിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ -സന്ദേശ വാഹകയായ കുഞ്ഞിപ്പാട്ടി അമ്മ വരെയുള്ള ദേശസ്‌നേഹികളെ പോരാളികളെ ഈ ചെറു ഗ്രന്ഥം അനുസ്മരിക്കുന്നു.
ആഗസ്റ്റ് വിപ്ലവകാലത്ത് അഗ്‌നി ജ്വാല ഉയര്‍ത്തിയ, ലിഖിത ചരിത്രത്തില്‍ ഇടം ലഭിക്കാതെ പോയ പോരാളികളും അനുസ്മരിക്കപ്പെടുന്നു. ഇവരില്‍ പലരുടെയും ഫോട്ടോ പോലും ഇന്ന് ലഭ്യമല്ല .സമര സഖാക്കള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കി, രക്ഷാകവചം ഒരുക്കിയ ഒരു പ്രദേശത്തെ ജനങ്ങളും എവിടെയും അനുസ്മരിക്കപ്പെടാതെ പോയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പൊരുതി, ത്യജിച്ച ധീര ദേശാഭിമാനികളില്‍ പലര്‍ക്കും ഒരു അംഗീകാരവും ആദരവും എവിടെ നിന്നും ലഭിച്ചില്ല. ഈ പ്രദേശത്തു നടന്ന പോരാട്ടങ്ങള്‍ക്കും ചരിത്രത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചിരുന്നില്ല എന്നത് യാഥാര്‍ത്ഥ്യം മാത്രം.
അരവിന്ദന്റെ ‘ഉത്തരായന’ ത്തിലും, വി എ കേശവന്‍ നായരുടെ ‘ഇരുമ്പഴികള്‍ക്കുള്ളിലും’, തിക്കോടിയന്റെ’ അരങ്ങു കാണാത്ത നടനിലുമെല്ലാം’ നിറഞ്ഞാടിയവരെ പുതുതലമുറ ആദരവോടെ സ്മരിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇങ്ങനെ ഒരു സാഹസത്തിനു ബന്ധപ്പെട്ടവരെ നിര്‍ബന്ധിതരാക്കിയത്. പഴയ തലമുറയിലെ പോരാളികളെ അനുസ്മരിക്കാനും, ആദരിക്കാനും വേണ്ടിയുള്ള ഒത്തുചേരല്‍ കൂടിയാണ് പുസ്തക പ്രകാശനവേള.
‘ചേമഞ്ചേരി’- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമര്‍ത്ത ഗ്രാമം – പ്രകാശനം നിര്‍വഹിക്കുന്നത് കല്‍പറ്റ നാരായണന്‍ ആണ്, പുസ്തകം ഏറ്റു വാങ്ങുന്നത് നന്ദകുമാര്‍ മൂടാടി. ഡോ. എന്‍. വി. സദാനന്ദന്‍ പുസ്തക പരിചയം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ സമരപോരാളികള്‍ക്ക് ആദരപ്രഭാഷണം നടത്തും. ചടങ്ങില്‍ കന്മന ശ്രീധരന്‍, സി. വി. ബാലകൃഷ്ണന്‍, എം. കെ. ഭാസ്‌കരന്‍, എന്‍. പി. അബ്ദുള്‍ സമദ്, വായനാരി വിനോദ്, മുക്കം മുഹമ്മദ്, ഇ. കെ. അജിത്ത്, അഡ്വ. വിനോദ് പയ്യട തുടങ്ങിയവര്‍ സംസാരിക്കും
വാര്‍ത്താസമ്മേളനത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, വി. ടി. വിനോദ്, കെ. പ്രദീപന്‍, വി. വി. മോഹനന്‍, രാമചന്ദ്രന്‍ മണാട്ട് എന്നിവര്‍ പങ്കെടുത്തു.












