കോഴിക്കോട് ജില്ലയിൽ 260.11 ചതുരശ്ര കി.മി പരിസ്ഥിതിലോല പ്രദേശ കരട് റിപ്പോർട്ടിൽ, തിരുത്ത് ഉണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അറിയിക്കാം
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഒൻപത് വില്ലേജുകളിൽ ഉൾപ്പെട്ട 260.11 ചതുരശ്ര കി.മി പുതുതായി തയ്യാറാക്കിയ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശത്തിന്റെ കരട് റിപ്പോർട്ടിൽ (ഇ എസ് എ).
കരട് റിപ്പോർട്ട് പരിശോധിക്കുന്നതിനായി ബുധനാഴ്ചയാണ് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നത്.
ചക്കിട്ടപ്പാറ വില്ലേജ്- 89.88 ചതുരശ്ര കി.മി, ചെമ്പനോട- 32.69, കട്ടിപ്പാറ- 15.50, കാവിലുംമ്പാറ- 34.94, കോടഞ്ചേരി- 13.61, നെല്ലിപ്പൊയിൽ- 28.24, പുതുപ്പാടി- 12.16, തിനൂർ- 7.63, തിരുവമ്പാടി- 25.46 എന്നിങ്ങനെയാണ് വില്ലേജ് തിരിച്ചുള്ള കണക്ക്.
മുൻപത്തെ കരട് വിജ്ഞാപനപ്രകാരം ഒൻപത് വില്ലേജുകളിലെ 272.35 ചതുരശ്ര കി.മി ആയിരുന്നു പരിസ്ഥിതി ലോലപ്രദേശമായി ഉൾപ്പെടുത്തിയിരുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ കരട് റിപ്പോർട്ടിൽ 12.24 ചതുരശ്ര കി.മി കുറവാണ്.
പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിലെ ശാസ്ത്രജ്ഞന്മാരായ ഡോ. ജൂഡ് ഇമ്മാനുവൽ, ഡോ. ഷിജു ചാക്കോ എന്നിവർ ചേർന്നാണ് കരട് റിപ്പോർട്ട് അവതരിപ്പിച്ചത്. റവന്യൂ വകുപ്പിൽ നിന്ന് സമാഹരിച്ച വിവരങ്ങൾ ഉപയോഗിച്ച് ഗൂഗിൾ എർത്തിന്റെ സാങ്കേതിക സഹായത്തോടെ തയ്യാറാക്കിയ പ്രദേശത്തിന്റെ ത്രീ ഡി ദൃശ്യങ്ങൾ യോഗത്തിൽ കാണിച്ചു.
കരടിൽ എന്തെങ്കിലും തരത്തിൽ മാറ്റമുണ്ടെങ്കിൽ അത് തിരുത്തി ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് യോഗത്തിൽ പങ്കെടുത്ത, ഇ എസ് എ പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവരെ അറിയിച്ചു.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അരുൺ ടി ജെ അധ്യക്ഷത വഹിച്ച യോഗത്തിൽ വില്ലേജ് ഓഫീസർമാർ, വനം, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.