മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരേ രൂക്ഷ വിമർശനവുമായി കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ. മുപ്പത് വെള്ളിക്കാശിന് ഒറ്റിക്കൊടുത്ത യൂദാസിന്റെ ദിവസത്തിൽ പലതും സംഭവിക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു.
മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്. അക്കൂട്ടത്തിലൊന്നായി അനിൽ ബിജെപിയിൽ ചേർന്നതിനെയും കാണാം. ചതിയുടെ ദിവസമാണിന്ന്. അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു.
എകെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ല. അനിൽ പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
”അദ്ദേഹം കൊടികുത്തി നടന്നിട്ടില്ല, പോസ്റ്റർ ഒട്ടിച്ചു നടന്നിട്ടില്ല, സിന്ദാബാദ് വിളിച്ചിട്ടില്ല, ജാഥ സംഘടിപ്പിച്ചിട്ടില്ല, സമരം ചെയ്തിട്ടില്ല. ആന്റണിയുടെ മകൻ എന്നതിനപ്പുറത്ത് അനിൽ ആന്റണി പാർട്ടിയിൽ ഒന്നുമല്ല. ഇതിൽ വേവലാതിപ്പെടേണ്ട കാര്യമില്ല’, സുധാകരൻ പറഞ്ഞു.


