കുട്ടികൾക്ക് വീടിന്റെ സ്നേഹ തണലൊരുക്കി ഫോസ്റ്റർ കെയർ പദ്ധതി

കോഴിക്കോട്:  അങ്ങിനെ ഒരു അവധിക്കാലത്തായിരുന്നു കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ 11 വയസുകാരി ഫോസ്റ്റർ കെയർ പദ്ധതിപ്രകാരം കക്കോടിയിലെ ആ വീട്ടിൽ ചെന്നുകയറുന്നത്. ചിൽഡ്രൻസ് ഹോമിലെ നാല് ചുവരുകൾക്കുള്ളിൽ ജീവിച്ച അവൾക്ക് ജീവിതത്തിൽ പുതിയ വെളിച്ചവും അർത്ഥവുമേകി ആ വീടും വീട്ടുകാരും. സ്നേഹവും കളിചിരികളും, ജന്മം നൽകിയതല്ലെങ്കിലും അച്ഛനും അമ്മയും മുത്തശ്ശനും മറ്റും ചേർന്ന ആ ഗൃഹാന്തരീക്ഷം ഒറ്റപെട്ട ജീവിതത്തിലായിരുന്ന ആ കുട്ടിക്ക് പുതിയ അനുഭവമായിരുന്നു. അവൾക്ക് മുന്നിൽ തുറക്കപ്പെട്ടത് പുതിയ ലോകമായിരുന്നു. അതിനു വഴിയൊരുക്കിയതാകട്ടെ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിയും. സ്കൂൾ അവധിക്ക് പൂട്ടുന്ന സമയത്താണ് ഫോസ്റ്റർ കെയർ പദ്ധതി സജീവമാകുക.

ഫോസ്റ്റർ കെയർ പദ്ധതിയെപറ്റി അറിയുന്നതുവരെ ഓമനിക്കാൻ ഒരു കുട്ടി എന്ന സ്വപ്നം മറന്നു കഴിയുകയായിരുന്നു കക്കോടിയിലെ അച്ഛനും അമ്മയും. ഈ പദ്ധതി അവർക്കു നൽകിയത് ഒരു 11 വയസുകാരി മകളെ ആയിരുന്നു. ഇന്ന് അവരുടെ വീട്ടിലെ കണ്ണിലുണ്ണിയാണവൾ. ആദ്യം കുറഞ്ഞ ദിവസത്തേക്കും പിന്നീട് മാസങ്ങളിലേക്കുമായി ആ സ്നേഹവീട്ടിൽ എത്തിയവൾ ഇന്ന് തീർത്തും ആ കുടുംബത്തിന്റെ ഭാഗമായി കഴിഞ്ഞു.

ഫോസ്റ്റർ കെയർ പദ്ധതി, ജില്ലയിൽ മുമ്പേ ഉണ്ടെങ്കിലും 2017ലാണ് ആ പേരിൽ വിപുലമായ രീതിയിൽ തുടങ്ങുന്നത്.
2017 ൽ രണ്ട് കുട്ടികളും 2019 ൽ ഒരു കുട്ടിയും 2020 ൽ രണ്ട് കുട്ടികളും 2023 ൽ 10 കുട്ടികളും 2024 ൽ രണ്ട് കുട്ടികളും ഉൾപ്പെടെ 17 കുട്ടികളാണ് ഫോസ്റ്റർ കെയർ പദ്ധതിയുടെ ഭാഗമായി ലോങ്ങ് ടേം ഫോസ്റ്റർ പദ്ധതി പ്രകാരം ജില്ലയിൽ ഗൃഹാന്തരീക്ഷത്തിൽ കഴിയുന്നത്.

ജില്ലയിലെ സർക്കാർ, സർക്കാറേതര ഹോമുകളിലുള്ള 18 കുട്ടികളിൽ 17 പേരും ഫോസ്റ്റർ കെയർ പദ്ധതിയിലുണ്ട്. ഒരു കുട്ടി ദത്തെടുക്കപ്പെടുകയും ചെയ്തു. ഒരു അവധിക്കാലത്തു വളർത്തു വീടിന്റെ അന്തരീക്ഷത്തിലേക്ക് മാറുന്ന കുട്ടിയ്ക്ക് അവിടം ഇണങ്ങി കഴിഞ്ഞാൽ പിന്നെ കാലാവധി ദീർഘിപ്പിച്ചു നൽകാറാണ് പതിവ്. കുട്ടിയ്ക്കും വീട്ടുകാർക്കും ഇത് ഒരുപോലെ സന്തോഷപ്രദമാണ്.

ഓരോ വർഷം കഴിയുംതോറും ഫോസ്റ്റർ കെയർ പദ്ധതിപ്രകാരം കുട്ടികളെ വീട്ടിൽ കൊണ്ടുപോകാൻ ആവശ്യക്കാർ കൂടുന്നതായി ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഷൈനി കെ പറഞ്ഞു. കൃത്യമായ ഇടവേളകളിൽ കുട്ടിയുടെ ക്ഷേമം ഉദ്യോഗസ്ഥർ അന്വേഷിച്ചു റിപ്പോർട്ട് നൽകുകയും ചെയ്യും.

മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതോ സംരക്ഷിക്കാൻ കഴിയാത്തതോ മറ്റ് കാരണങ്ങളാലൊ കുടുംബത്തോടൊപ്പം കഴിയാൻ സാധിക്കാത്ത സർക്കാർ, സർക്കാറേതര ഹോമുകളിലെ കുട്ടികൾക്ക് താൽക്കാലിക പരിചരണവും പിന്തുണയും നൽകുന്നതിനായി രൂപകൽപ്പന ചെയ്ത സംവിധാനമാണ് ഫോസ്റ്റർ കെയർ. പദ്ധതിയനുസരിച്ചു വളർത്തു രക്ഷിതാക്കൾ കുട്ടികൾ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുകയോ ദത്തെടുക്കൽ അല്ലെങ്കിൽ രക്ഷാകർതൃത്വത്തിലൂടെ സ്ഥിരമായ സ്ഥാനം കണ്ടെത്തുകയോ ചെയ്യുന്നതുവരെ അവർക്ക് സുസ്ഥിരമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുന്നു.

കുട്ടികളുടെ സുരക്ഷ, ക്ഷേമം, വികസനം എന്നിവ ഉറപ്പാക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്രകാരം കുട്ടികളെ വീടിന്റെ അന്തരീക്ഷത്തിലേക്ക് കൊണ്ടുപോകാൻ വരുന്ന വളർത്തു മാതാപിതാക്കളുടെ കുടുംബാന്തരീക്ഷം, വിദ്യാഭ്യാസം, വരുമാനം, മുൻകാലങ്ങളിൽ കുട്ടികളോടുള്ള പെരുമാറ്റം എന്നിവയൊക്കെ കർശനമായി പരിശോധിച്ചശേഷമാണ് കുട്ടികളെ വിട്ടു നൽകുന്നത്.

#Special Story
#2024 May
#District Information Office Kozhikode

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!