ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഉർദു ഡിഗ്രി കോഴ്സ് അനുവദിച്ചു:
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല കൊയിലാണ്ടി പ്രാദേശികേന്ദ്രത്തിൽ MLAമാരായ ടി.പി രാമകൃഷ്ണൻ, കാനത്തിൽ ജമീല എന്നിവരുടെ ഇടപെടലിൻ്റെ ഭാഗമായി ഉർദു നാലു വർഷ ബിരുദ കോഴ്സ് 2024 അദ്ധ്യയന വർഷം മുതൽ അനുവദിച്ച് സർവ്വകലാശാല വൈസ് ചാൻസിലർ ഉത്തരവിറക്കി. 1995 മുതൽ സർവ്വകലാ ശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രം ആരംഭിച്ചതു മുതൽ യൂണിവേഴ്സിറ്റിയുടെ ഉർദു പഠന വകുപ്പ് പ്രാദേശിക കേന്ദ്രത്തിൽ പ്രവർത്തിച്ചു വരികയാണ്.
ഉർദുവിൽ എം.എ, എം.ഫിൽ പി.എച്ച് ഡി കോഴ്സ് കഴിഞ്ഞ് ഉന്നത സ്ഥാനത്ത് എത്തിയ വിദ്യാർത്ഥികൾ നിരവധിയാണ്. കേരളത്തിലെ തന്നെ ഉർദു പഠനത്തിനും ഗവേഷണത്തിനുമായി നിരവധി സംഭാവനകൾ നൽകിയ കൊയിലാണ്ടി കേന്ദ്രത്തിൽ ഉർദുവിന് ഡിഗ്രി കോഴ്സില്ല എന്ന കാരണത്താൽ ഹൈസ്കൂൾ ഹയർ സെക്കണ്ടറി തലത്തിൽ ഉർദു പഠിച്ച വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് പ്രശ്നം നേരിടുകയായിരുന്നു.
എം.എൽ.എ മാരുടെ ഇടപെടൽ കാരണം കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഹയർ സെക്കണ്ടറിയിൽ ഉർദു ഒന്നാം ഭാഷയായി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള വലിയ സാധ്യതയാണ് കോഴ്സ് ആരംഭിക്കുന്നതിലൂടെ ലഭിക്കുന്നത്. ബഹുസ്വരതയുടെയും മാനവ സ്നേഹത്തിൻ്റെയും ഭാഷയായ ഉർദു ഡിപ്പാർട്ട്മെൻ്റ് കൊയിലാണ്ടി കേന്ദ്രത്തിൽ അനുവദിക്കാൻ പരിശ്രമിച്ച അധികൃതരെ ഉർദു ഡെവലപ്പ്മെൻ്റ് കമ്മിറ്റി ഭാരവാഹികൾ നന്ദി അറിയിച്ചു.