സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം. ഇടവിട്ട സമയങ്ങളിൽ മുടങ്ങും.വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. നിലവിൽ മലബാറിലാണ് വൈദ്യുതി ഉപയോഗം കൂടുതലായി ഉണ്ടാകുന്നത്.അതാത് സ്ഥലങ്ങളിലെ ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുക.ഇന്നലെ പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലെ സബ് സ്റ്റേഷനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. അതേസമയം വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണമേർപ്പെടുത്താനായുള്ള മാർഗനിർദ്ദേശങ്ങളും കെ എസ് ഇ ബി പുറത്തിറക്കിയിട്ടുണ്ട്.വീടുകളിൽ എസിയുടെ ഊഷ്മാവ് 26 ഡിഗ്രിക്ക് താഴെ പോകാതെ നോക്കണമെന്നതാണ് ഇതിൽ പ്രധാന നിർദ്ദേശം.രാത്രി പത്ത് മുതൽ പുലർച്ചെ രണ്ട് വരെ വൻകിട വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃക്രമീകരിക്കണം.രാത്രി ഒൻപതിന് ശേഷം അലങ്കാര ദീപങ്ങളും പരസ്യബോർഡുകളും പ്രവർത്തിപ്പിക്കരുത്. ജലവിതരണത്തെ ബാധിക്കാതെ വാട്ടർ അതോറിറ്റിയുടെ പ്ലംബിംഗ് ഒഴിവാക്കണം, ലിഫ്റ്റ് ഇറിഗേഷന്റെയും ജല അതോറിറ്റിയുടെയും പമ്പിംഗ് രാത്രി ഒഴിവാക്കണമെന്നതടക്കമുള്ള മാർഗ നിർദ്ദേശങ്ങളാണ് കെ എസ് ഇ ബി മുന്നോട്ടുവച്ചിരിക്കുന്നത്.