ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം; പേരാമ്പ്രയില്‍ ടെസ്റ്റ് ബഹിഷ്ക്കരിച്ചു
പേരാമ്പ്ര: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്ക്കരണം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ടെസ്റ്റ് നടത്താനുള്ള അധികൃതരുടെ നീക്കത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്ക്കരിച്ചു. ഓള് കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്ക്കൂള് ഇന്‍സ്ട്രക്ടേഴ്സ് ആന്റ് വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ബഹിഷ്ക്കരണം നടന്നത്.
ഇന്ന് കാലത്ത് 9 മണിയോടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പക്ടര്‍ എം. ടി. ശ്യാംജിത്തിന്റെ നേതൃത്വത്തില്‍ അധികൃതര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിയെങ്കിലും പുതിയ സര്‍ക്കുലര്‍ പ്രകാരം മാത്രമേ ടെസ്റ്റ് നടത്താന്‍ കഴിയൂ എന്ന് ടെസ്റ്റിനെത്തിയവരെ അറിയിക്കുകയായിരുന്നു.
ഇതിന് തങ്ങള്‍ തയ്യാറല്ലെന്ന് ഡ്രൈവിംഗ് സ്ക്കൂള് അധികൃതരും പഠിതാക്കളും അറിയിച്ചതോടെ എം വി ഐ ആര് ടി ഒ യുമായി ബന്ധപ്പെട്ട് ടെസ്റ്റ് നിര്‍ത്തിവെക്കുകയായിരുന്നു.