ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം! ഡ്രൈവിങ് സ്കൂളുകൾ സമരത്തിൽ, ടെസ്റ്റ് ബഹിഷ്കരിക്കും


കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങി ഡ്രൈവിങ് സ്‌കൂളുകള്‍. ഇന്ന് മുതല്‍ അനിശ്ചിത കാലത്തേക്ക് സമരം ആരംഭിക്കും. ടെസ്റ്റ് ബഹിഷ്‌കരിക്കാനും കരിദിനം ആചരിക്കാനുമാണ് തീരുമാനം.

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതിഷേധം. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം.

പരിഷ്‌കരിച്ചുള്ള ടെസ്റ്റ് തടയുമെന്ന നിലപാടിലാണ് സിഐടിയു. ഡ്രൈവിംഗ് പരീക്ഷ ഉള്‍പ്പെടെ നടത്താന്‍ അനുവദിക്കില്ലെന്ന് സിഐടിയു വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ചില വിട്ടുവീഴ്തകള്‍ക്ക് ആദ്യം ഗതാഗത മന്ത്രി തയ്യാറായിരുന്നു. എന്നാല്‍ നടപടികള്‍ ഉണ്ടായില്ല

മെയ് രണ്ടു മുതല്‍ 30 പേര്‍ക്ക് ലൈസന്‍സ് നല്‍കുമെന്നാണ് ഗതാഗത മന്ത്രി അറിയിച്ചിരുന്നത്. ഇതില്‍ ഇളവ് വരുത്തി പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം 60 ആക്കി നിജപ്പെടുത്തിയിരുന്നു. പുതിയതായി 40 പേര്‍ക്കും തോറ്റവര്‍ക്കുള്ള റീടെസ്റ്റില്‍ ഉള്‍പ്പെട്ട 20 പേര്‍ക്കുമാണ് അവസരം.

പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാല്‍ എച്ച് ടെസ്റ്റ് തുടരും. റോഡ് ടെസ്റ്റിന് ശേഷമായിരിക്കും എച്ച് ടെസ്റ്റ് അനുവദിക്കുക. റോഡ് ടെസ്റ്റിലും മാറ്റം ഉണ്ടായിരിക്കും. ടാര്‍ ചെയ്തോ കോണ്‍ക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വാഹനം ഓടിക്കുക, ഡ്രൈവിങ്, വശം ചെരിഞ്ഞുള്ള പാര്‍ക്കിങ്, വളവുകളിലും കയറ്റിറക്കങ്ങളിലും വാഹനം ഓടിക്കല്‍ തുടങ്ങിയവയെല്ലാം റോഡ് ടെസ്റ്റില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘H’ ഒഴിവാക്കിയാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. ‘H’ന് പകരം പാര്‍ക്കിങ് ടെസ്റ്റും സിഗ്സാഗ് ഡ്രൈവിങും നടത്തും.

ഗിയറുള്ള കാറില്‍ തന്നെയാകണം ടെസ്റ്റ് നടത്തണം എന്നാണ് പുതിയ നിര്‍ദ്ദേശം. ഓട്ടോമാറ്റിക് ഗിയറുള്ള കാര്‍ ഉപയോഗിക്കാന്‍ പാടില്ല. ഡ്രൈവിംഗ് സ്‌കൂളുകള്‍ കൊണ്ടുവരുന്ന കാറുകള്‍ക്ക് ഡാഷ് ക്യാമറ നിര്‍ബന്ധമാകും. ടെസ്റ്റും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യണം.

ലൈസന്‍സ് ടെസ്റ്റിന് ശേഷം ഈ ക്യാമറയുടെ മെമ്മറി കാര്‍ഡ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വാങ്ങി വീഡിയോ സേവ് ചെയ്ത് സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!