വോട്ടെടുപ്പ് ദിനത്തില്‍ സെന്‍ട്രല്‍ കമാന്റായി പ്രവര്‍ത്തിച്ച് കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം

കോഴിക്കോട് : രണ്ടു മാസത്തോളം നീണ്ട വിപുലമായ ഒരുക്കങ്ങള്‍ക്കിടയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെടുപ്പ് നടന്ന ദിവസം രണ്ട് ലോക്സഭ മണ്ഡലങ്ങളടങ്ങിയ കോഴിക്കോട് ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടിക്രങ്ങളുടെ സെന്‍ട്രല്‍ കമാന്റായി പ്രവര്‍ത്തിച്ചത് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലൊരുക്കിയ കണ്‍ട്രോള്‍ റൂം.

ജില്ലയിൽ തിരുവമ്പാടി ഒഴികെയുള്ള 12 നിയമസഭ മണ്ഡലങ്ങളും കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് നിയസഭ മണ്ഡലങ്ങളും ഉള്‍പ്പെട്ട കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ കടിഞ്ഞാണ്‍ നിയന്ത്രിച്ചത് ഇവിടെ നിന്നായിരുന്നു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും കോഴിക്കോട് മണ്ഡലം വരണാധികാരിയും കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിലും സമാധാനപരവും സ്വതന്ത്രവും നീതിപൂര്‍വകവുമായ അതിന്റെ നടത്തിപ്പിലും നിര്‍ണായക പങ്കുവഹിച്ച കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചത്.

വോട്ടെടുപ്പ് ദിവസം രാവിലെ 5.30ന് പോളിംഗ് സ്‌റ്റേഷനുകളില്‍ മോക്ക് പോള്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മോക്ക് പോള്‍ വേളയില്‍ വോട്ടിംഗ് മെഷീനുണ്ടായ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിച്ചും തകരാറുള്ളവ മാറ്റിയും സമയത്ത് തന്നെ വോട്ടെടുപ്പ് തുടങ്ങുന്നുവെന്ന് ഉറപ്പാക്കാന്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ബന്ധപ്പെട്ടവര്‍ക്ക് അപ്പപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

തെരഞ്ഞെടുപ്പ് സുതാര്യവും സുരക്ഷിതവുമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ 2248 ബൂത്തുകളിലും സജ്ജീകരിച്ച വെബ്കാസ്റ്റിംഗിന്റെ നിരീക്ഷണ കേന്ദ്രവും കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമായിരുന്നു. ഓരോ ബൂത്തിലെയും അകത്തുനിന്നും പുറത്തുനിന്നുമുള്ള ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഇവിടെ നിന്നായിരുന്നു. ഇതിനായി വലിയ ടിവി സ്‌ക്രീനുകളും ലാപ്‌ടോപ് കംപ്യൂട്ടറുകളും അടങ്ങിയ വിപുലമായ സംവിധാനമായിരുന്നു കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയത്.

വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ കണ്ടെത്തി തടയുന്നതിലും മറ്റ് പോരായ്മകള്‍ അപ്പപ്പോള്‍ പരിഹരിക്കുന്നതിലും ഇത് നിര്‍ണായകമായി. കൂടാതെ, പ്രശ്‌നസാധ്യതാ ബൂത്തുകളെ പ്രത്യേകം നിരീക്ഷിച്ച് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഇതുവഴി ഉറപ്പുവരുത്താനുമായി.

ബൂത്തുകളിലെ വോട്ടര്‍മാരുടെ തിരക്കുകള്‍ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ വഴി പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള അധിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും ഇതുവഴി സാധിച്ചു. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്നും പാര്‍ട്ടി പ്രതിനിധികളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനവും പ്രവര്‍ത്തിച്ചത് ഇവിടെ തന്നെയായിരുന്നു.

ഇലക്ഷന്‍ കമ്മീഷന്റെ പോള്‍ മാനേജര്‍ ആപ്പിലേക്കും, എന്‍കോര്‍ വെബ്‌സൈറ്റിലേക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പോളിംഗ് ശതമാനം ഉള്‍പ്പെടെയുള്ള വോട്ടെടുപ്പിന്റെ അപ്‌ഡേറ്റുകളും കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും കണ്‍ട്രോള്‍ റൂം നേതൃത്വം നല്‍കി. കൃത്യമായ ഇടവേളകളില്‍ മാധ്യമങ്ങള്‍ക്ക് വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാനും മാധ്യമ നിരീക്ഷണത്തിനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ടീം പ്രവര്‍ത്തിച്ചതും കണ്‍ട്രോള്‍ റൂമിലായിരുന്നു.

കണ്‍ട്രോള്‍ റൂമിലെത്തിയ കേന്ദ്ര നിരീക്ഷകരും ജില്ലയിലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നിരീക്ഷിക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ശീതള്‍ ജി മോഹന്‍, വിവിധ നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ജില്ലാ കലക്ടര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കലക്ടറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ നൂറോളം പേര്‍ കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. തെരഞ്ഞെടുപ്പിന്റെ തലേന്ന് മുതല്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂം, വോട്ടെടുപ്പ് അവസാനിച്ച് പോളിംഗ് സാമഗ്രികള്‍ സ്ട്രോങ്ങ് റൂമില്‍ എത്തുന്നത് വരെയുള്ള നടപടിക്രമങ്ങള്‍ ഏകോപിപ്പിച്ചതിന് ശേഷമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!