ഇരട്ടവോട്ടുകള്‍ നിരീക്ഷിക്കാന്‍ എ എസ് ഡി മോണിറ്റര്‍ ആപ്പ്; കള്ളവോട്ടുകള്‍ തടയാന്‍ കര്‍ശന നടപടി: ജില്ലാ കലക്ടര്‍

കോഴിക്കോട്:  ജില്ലയില്‍ തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാക്കാന്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളവോട്ട്, ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍ തടയുന്നതിനായി ജില്ലയിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം സജ്ജീകരിക്കും. വോട്ടെടുപ്പിന്റെ മുഴുവന്‍ ദൃശ്യങ്ങള്‍ സിസിടിവി കാമറ വഴി ജില്ലാ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് തത്സമയം നിരീക്ഷിക്കും. ഇതിനായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയിലെ വോട്ടര്‍പട്ടികയില്‍ ചിലയിടങ്ങളില്‍ ഇരട്ടവോട്ടുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള തട്ടിപ്പുകള്‍ തടയുന്നതിന് പ്രത്യേകമായി സജ്ജീകരിച്ച എഎസ്ഡി മോണിറ്റര്‍ ആപ്പിന്റെ സേവനം ബൂത്തുകളില്‍ ഉപയോഗപ്പെടുത്തും. വോട്ടര്‍പട്ടികയില്‍ ഇരട്ട വോട്ട് ഉള്ളതായി കണ്ടെത്തിയ വ്യക്തികള്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരുടെ ഫോട്ടോ എടുത്ത് ആപ്പില്‍ അപ്‌ലോഡ് ചെയ്യും. വീണ്ടും ഇയാള്‍ വോട്ട് ചെയ്യാനെത്തുകയാണെങ്കില്‍ അത് കണ്ടെത്താന്‍ ആപ്പിന്റെ സഹായത്തോടെ സാധിക്കും.

വോട്ടെട്ടുപ്പ് സമാധാനപരമാക്കുന്നതിന് ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രശ്‌നസാധ്യതാ ബൂത്തുകളായി കണ്ടെത്തിയ ഇടങ്ങളില്‍ കേന്ദ്ര സേന ഉള്‍പ്പെടെയുള്ളവയുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടായിരത്തി അഞ്ചൂറോളം പോലീസുകാരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിച്ചിരിക്കുന്നത്. ജില്ലയില്‍ വടകര മണ്ഡലത്തില്‍ 120ഉം കോഴിക്കോട് മണ്ഡലത്തില്‍ 21ഉം ബൂത്തുകള്‍ പ്രശ്‌നസാധ്യതാ ബൂത്തുകളായും വടകര മണ്ഡലത്തിലെ 43 ബൂത്തുകള്‍ മാവോവാദി ഭീഷണിയുള്ളവയായും കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ പ്രത്യേക സുരക്ഷ ഒരുക്കുന്നതിനായി പോലിസ് സേനയ്ക്കു പുറമെ, എട്ട് കമ്പനി സിഎപിഎഫിനെയും മൈക്രോ ഒബ്‌സര്‍വര്‍മാരെയും വിന്യസിക്കും. കോഴിക്കോട് ഒന്നും വടകരയില്‍ ഏഴും സിഎപിഎഫ് കമ്പനികളെയാണ് വിന്യസിക്കുക.

പരസ്യപ്രചാരണങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊട്ടിക്കലാശം സമാധാനപരമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ജില്ലാകലക്ടര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പ്രാദേശികമായി പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ആലോചിച്ച് എടുത്ത തീരുമാനങ്ങള്‍ പൂര്‍ണമായ രീതിയില്‍ നടപ്പിലാക്കണം. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ശക്തമായി നേരിടും. കൊട്ടിക്കലാശത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കള്ളവോട്ടുകള്‍, ആള്‍മാറാട്ടം തുടങ്ങിയ കാര്യങ്ങളിലുള്ള തങ്ങളുടെ ആശങ്കകള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ യോഗത്തില്‍ പങ്കുവച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ഹോം ഗാര്‍ഡുകള്‍ തുടങ്ങിയവര്‍ക്ക് ഡ്യൂട്ടിയുള്ള സ്ഥലങ്ങളില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കമ്മീഷന്റെ അനുമതിയോടെ നിലവില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പിടിച്ചെടുക്കരുതെന്നുമുള്ള ആവശ്യങ്ങള്‍ പ്രതിനിധികള്‍ ഉന്നയിച്ചു. പോളിംഗ് ബൂത്തുകളായി ഉപയോഗിക്കുന്ന വിദ്യാലയങ്ങളുടെ ചുവരുകള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ച് വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ കേന്ദ്ര പൊതു നിരീക്ഷക ഇഫത്ത് അറ, സുമീത് കെ ജാറങ്കല്‍, പോലിസ് നിരീക്ഷകരായ ഡോ. ഭന്‍വര്‍ ലാല്‍ മീണ, അശോക് കുമാര്‍ സിംഗ്, സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ, റൂറല്‍ എസ് പി ഡോ. അരവിന്ദ് സുകുമാര്‍, എഡിഎം കെ അജീഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എ പ്രദീപ് കുമാര്‍, ഇ പ്രേംകുമാര്‍, വത്സന്‍ പനോളി (സിപിഐഎം), അഡ്വ. കെ പ്രവീണ്‍ കുമാര്‍, അഡ്വ. പി എം നിയാസ്, അഡ്വ. രാജേഷ് കുമാര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കെ ഡി അയ്യപ്പന്‍, കെ ദിലീപ് (ബിജെപി), എം കെ അരവിന്ദാക്ഷന്‍ നായര്‍, എം ആനന്ദ ബേബി, പി എസ് ദിവാകരന്‍ (ബിജെകെപി), അറമുഖന്‍ (ബിഎസ്പി), കെ എം ബീവി ( എസ്‌യുസിഐ കമ്മ്യൂണിസ്റ്റ്), അഡ്വ. കെ പി നിധീഷ്, പി സി ഷൈജു, സി കെ രാമചന്ദ്രന്‍ (സ്വതന്ത്ര സ്ഥാനാര്‍ഥികള്‍) തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!