ഹോം വോട്ടിംഗ് ഒന്നാം ഘട്ടം ഇന്ന് അവസാനിക്കും; രണ്ടാം ഘട്ടം 25 വരെ
ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ 20) അവസാനിക്കും. നേരത്തേ 12 ഡി ഫോറത്തില്‍ അപേക്ഷ നല്‍കിയവരില്‍ ആദ്യഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഏപ്രില്‍ 25 വരെയുള്ള രണ്ടാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ അവസരം ലഭിക്കും.
രണ്ടാം ഘട്ടത്തിലും പോളിംഗ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തുമ്പോള്‍ വോട്ടര്‍മാര്‍ സ്ഥലത്തില്ലെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടും. വോട്ടര്‍ പട്ടികയിലെ വിലാസത്തിലാണ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യിക്കുന്നതിനായി എത്തുക. വോട്ടര്‍ പട്ടികയില്‍ ഇവരുടെ പേരിന് നേരെ പിബി (പോസ്റ്റല്‍ ബാലറ്റ്) എന്ന് അടയാളപ്പെടുത്തുമെന്നതിനാല്‍ ഇവര്‍ക്ക് പോളിംഗ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല.
പോളിംഗ് ഡ്യൂട്ടി; 12 എ അപേക്ഷകള്‍ 22 വരെ സ്വീകരിക്കും
പോളിംഗ് ബൂത്ത് ഡ്യൂട്ടിയും വോട്ടര്‍ പട്ടികയിലെ പേരും ഒരേ ലോക്‌സഭ മണ്ഡലത്തില്‍ വരുന്ന ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ടിനായുള്ള ഫോം 12 എ അപേക്ഷകള്‍ ഏപ്രില്‍ 22 വരെ നല്‍കാമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ബന്ധപ്പെട്ട നിയമസഭ മണ്ഡലത്തിലെ ഉപവരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. ഇവര്‍ക്ക് ലഭിക്കുന്ന ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് (ഇഡിസി) ഉപയോഗിച്ച് ഡ്യൂട്ടിയിലുള്ള ബൂത്തില്‍ വോട്ടിംഗ് മെഷീനില്‍ വോട്ട് ചെയ്യാം.
അതേസമയം, വോട്ടര്‍ പട്ടികയിലെ പേര് ഒരു ലോക്‌സഭ മണ്ഡലത്തിലും പോളിംഗ് ബൂത്ത് ഡ്യൂട്ടി മറ്റൊരു ലോക്‌സഭ മണ്ഡലത്തിലുമായവരും, പോളിംഗ് ഡ്യൂട്ടി അല്ലാത്ത, മറ്റു തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും ഫോം 12ല്‍ അപേക്ഷ നല്‍കുന്നതിനുള്ള തീയതി ഇന്നലെ (ഏപ്രില്‍ 19) അവസാനിച്ചു.
ഇവരില്‍ പോളിംഗ് ബൂത്ത് ഡ്യൂട്ടിയുള്ളവര്‍ പരിശീലന കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ (വിഎഫ്‌സി) തന്നെ വോട്ട് രേഖപ്പെടുത്തണം. ഇവര്‍ക്ക് ഏപ്രില്‍ 24 വരെ വിഎഫ്‌സികളില്‍ വോട്ട് ചെയ്യാം. എന്നാല്‍ പോളിംഗ് ബൂത്ത് ഇതര തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ ലോക്സഭ വരണാധികാരികളുടെ ഓഫീസിനു കീഴില്‍ സ്ഥാപിക്കുന്ന വിഎഫ്‌സികളിലെത്തി ഏപ്രില്‍ 23, 24, 25 തീയതികളില്‍ വോട്ട് ചെയ്യണം.
അവശ്യ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള പോസ്റ്റല്‍ വോട്ടിംഗ് സെന്ററുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനവും വീഡിയോ ചിത്രീകരണവും ഉണ്ടായിരിക്കും.