ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം ഹോം വോട്ടിംഗ് സംവിധാനത്തിന് തുടക്കമായി

ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്ന ഹോം വോട്ടിംഗ് സംവിധാനത്തിന് ഇന്ന് ജില്ലയില്‍ തുടക്കമായി.

ഓരോ നിയമസഭാ മണ്ഡലത്തിലും ഹോം വോട്ടിംഗിനായി നിയോഗിച്ച ഉദ്യോഗസ്ഥ സംഘങ്ങള്‍ നേരത്തെ അപേക്ഷ നല്‍കി, അർഹരായ വോട്ടര്‍മാരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിച്ചത്. സ്പെഷ്യല്‍ പോളിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, സുരക്ഷാഉദ്യോഗസ്ഥന്‍, വീഡിയോഗ്രാഫര്‍, ബിഎല്‍ഒ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിംഗിനായി വീടുകളിലെത്തിയത്.
ഇനിയുള്ള മൂന്നു ദിവസങ്ങൾ കൂടിയാണ് ഹോം വോട്ടിംഗ് പൂർത്തിയാക്കാൻ ബാക്കിയുള്ളത്.

മുന്‍കൂട്ടി അറിയിച്ച് വീടുകളിലെത്തുന്ന സംഘം വോട്ടിംഗിന്റെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഉള്‍പ്പടെ ഒരുക്കിയാണ് വോട്ട് രേഖപ്പെടുത്തിത്. ഒരു സംഘം ഓരോ ദിവസവും ശരാശരി 20 മുതല്‍ 25 വരെ വോട്ടര്‍മാരുടെ വീട്ടിലെത്തി വോട്ടുകള്‍ രേഖപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

നേരത്തേ അസന്നിഹിത വോട്ടര്‍ (ആബ്‌സെന്റീ വോട്ടര്‍) വിഭാഗക്കാര്‍ക്കുള്ള നിശ്ചിത ഫോമില്‍ പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയവരിൽ അർഹതയുള്ളവർക്കാണ് വീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ അവസരമുള്ളത്.
ജില്ലയില്‍ ഹോം വോട്ടിംഗിനായി അർഹത നേടിയ 4873 ഭിന്നശേഷിക്കാരും 85ന് മുകളില്‍ പ്രായമുള്ള 10531 പേരുമാണുള്ളത്. അപേക്ഷ നല്‍കാത്ത ഭിന്നശേഷിക്കാര്‍ക്കും 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഏപ്രില്‍ 26 ന് വോട്ട് രേഖപ്പെടുത്താൻ വോട്ടെടുപ്പ് കേന്ദ്രത്തിൽ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!