ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ കൂത്തരങ്ങ് ഉണര്‍ന്നു



കാരയാട്: തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തില്‍ വീണ്ടും പാരമ്പര്യത്തിന്റെ ചിട്ടവട്ടങ്ങളോടെ കൂത്ത് അരങ്ങേറ്റം നടന്നു. 113 വര്‍ഷങ്ങള്‍ മുന്‍പ് പത്മശ്രീ മാണി മാധവചാക്യാര്‍ അരങ്ങേറ്റം കുറിച്ച വലിയമ്പലം ഇന്ന് അദ്ദേഹത്തിന്റെ പരമ്പരയിലെ ഇളമുറക്കാരന് മാണി ഹരിദേവ് ചാക്യാരുടെ അരങ്ങേറ്റത്തിന് വേദിയായി.
ബാലചരിതം കൂടിയാട്ടത്തിലെ വലിയ സൂത്രധാരനായി രംഗത്തെത്തിയ ഹരിദേവ് ചാക്യാരോടൊപ്പം ഹരീഷ് നമ്പ്യാരും മുരിയമംഗലം നമ്പ്യാര്‍ മഠത്തില്‍ ഇന്ദിര നങ്ങ്യാരമ്മയും അരങ്ങത്തെത്തി.
പത്മശ്രീ മാണി മാധവ ചാക്യാരുടെ മരുമകളുടെ മകള്‍ പത്മാവതി ഇല്ലോടമ്മയുടെ പുത്രനായ മാണി മാധവാനന്ദ ചാക്യാരുടെയും പൂര്‍ണിമയുടെയും രണ്ടു മക്കളില്‍ മൂത്തയാളാണ് ഹരിദേവ്. പത്മശ്രീ മാണി മാധവചാക്യാരുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന വേദിയെ മിഴാവിന്റെ താളത്താല്‍ വീണ്ടും മുഖരിതമാക്കിയത് ചാക്യാരുടെ മൂത്ത പുത്രന് പത്മശ്രീ പി കെ നാരായണന് നമ്പ്യാരുടെ മകനായ ഹരീഷ് നമ്പ്യാരാണ് എന്നത് മറ്റൊരു കൗതുകമായി. ഗുരുക്കന്മാരായ മാണി നീലകണ്ഠ ചാക്യാരുടെയും ഹരീഷ് നമ്പ്യാരുടെയും ശിഷ്യത്വത്തിലാണ് ഹരിദേവ് കൂത്ത് അഭ്യസിക്കുന്നത്.








