കോവിഡ് കാലത്ത് കടുംവെട്ട് നടത്തിയവര്‍ക്കുള്ള കനത്ത ശിക്ഷയായിരിക്കണം ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ നല്‍കേണ്ടത്; ജെബി മേത്തര്‍ എംപി



പയ്യോളി: കോവിഡ് കാലത്ത് കടുംവെട്ട് നടത്തിയവർക്കുള്ള കനത്ത ശിക്ഷയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ നൽകേണ്ടതെന്ന് ജെബി മേത്തർ എംപി. ജനങ്ങൾ പേടികാരണം പുറത്തിറങ്ങാൻ കഴിയാതായ കൊവിഡ് കാലത്ത് കോഴിക്ക് ചോറുകൊടുക്കണം, കുരങ്ങിന് വെള്ളം കൊടുക്കണം എന്നൊക്കെ പറഞ്ഞ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ചേർന്ന് വൻ അഴിമതിയാണ് നടത്തിയത്. 500 രൂപയുടെ പിപിഇ കിറ്റ് ഒരു പച്ചക്കറി വിൽക്കുന്ന കമ്പനിയിൽനിന്ന് 1500 രൂപയ്ക്കാണ് വാങ്ങിയതെന്നും ജെബി മേത്തർ പറഞ്ഞു. അയനിക്കാടു വെച്ച് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പര്യടന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കേന്ദ്രത്തിൽ അടിമുടി അഴിമതി ഭരണമാണ്. സാധാരണ ഒരു സർക്കാർ അവർ ചെയ്ത വികസന പ്രവർത്തനങ്ങൾ മുന്നിൽ വെച്ചാണ് വോട്ടു ചോദിക്കുക. അത് ഇല്ലാത്തതിനാൽ വർഗീയതയുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
ഒരു വർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം. അങ്ങനെയെങ്കിൽ 10 വർഷം കൊണ്ട് 20 കോടി തൊഴിൽ ഉണ്ടായിരിക്കണം. എന്നാൽ 45 വർഷത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ യാണ് ഇപ്പോൾ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.
എല്ലാവരും ജൻ ധൻ അക്കൗണ്ട് തുടങ്ങിയാൽ കള്ളപ്പണം പിടിച്ചിട്ട് 15 ലക്ഷം രൂപ ഇട്ടുതരാം എന്നു പറഞ്ഞു. 15 ലക്ഷം പോയിട്ട് യുപിഎ സർക്കാരിൻ്റെ കാലത്ത് കിട്ടിയ ആനുകൂല്യങ്ങൾ പോലും ഇന്ന് ഇല്ലാതായി. പെട്രോൾ 50 രൂപയാക്കും എന്നു പറഞ്ഞ് 110 ആക്കി. പാചകവാതകം 1200 ആയി. മോഡിയും കൂട്ടരും പറഞ്ഞ എല്ലാം പൊള്ളയാണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക് മനസിലായി. പിടിച്ചു നിൽക്കാൻ പറ്റാതായപ്പോൾ ജനങ്ങളെ വിഭജിച്ച് വിഷയം വഴിതിരിച്ചു വിടാനാണ് കേന്ദ്രം ശ്രമിക്കുന്നതന്നും ജെബി മേത്തർ പറഞ്ഞു.








