നാളെയുടെ സ്വപ്‌നങ്ങള്‍ പങ്കുവച്ച് ഡീല്‍ വിത്ത് ഷാഫി സംവാദം

തലശേരി: നാളെയുടെ സ്വപ്‌നങ്ങള്‍ പങ്കുവച്ച് രാത്രി വൈകിയും സ്ഥാനാര്‍ഥിക്കൊപ്പം യുവതയുടെ ഇരുത്തം. യുഡിഎസ്എഫ് കണ്ണൂര് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡീല്‍ വിത്ത് ഷാഫി സംവാദ പരിപാടിയിലാണ് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിയുമായി ഒരുമിച്ചിരുന്ന് സ്വപ്നങ്ങള് പങ്കുവച്ചത്. തലശേരി കടല്‍പ്പാലത്തായിരുന്നുപരിപാടി.

കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയിലെ പാലയാട് ക്യാംപസില്‍ പഠിക്കുന്ന മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികളായ മിന്‍ലുനും മിമിനും നോര്‍ത്ത് ഈസ്റ്റിലെ നാഗ-കുകി പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിനുള്ള ഇന്ത്യാ മുന്നണിയുടെ കാഴ്ചപ്പാടുകളെ കുറിച്ച് ചോദിച്ചുകൊണ്ടാണ് സംവാദത്തിന് തുടക്കം കുറിച്ചത്. പ്രശ്‌നങ്ങള്‍ തീരണമെന്ന് ആഗ്രഹമുള്ള ഒരു സര്‍ക്കാര്‍ അസമിലും കേന്ദ്രത്തിലും വരുകയാണ് ആദ്യപരിഹാരമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങളെ വിഘടിപ്പിച്ച് ഭരണംനിലനിര്‍ത്താം എന്നാഗ്രഹിക്കാത്ത, രാജ്യത്തിന്റെ ബഹുസ്വരതയില്‍ സന്തോഷം കണ്ടെത്തുന്ന ഒരു സര്‍ക്കാരാണ് ഇതിനെല്ലാമുള്ള ആദ്യ പരിഹാരം. രാഹുല്‍ ഗാന്ധിയില്‍ അത്തരത്തിലൊരു രാഷ്ട്രീയക്കാരനെ കാണാം. ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി വിശ്വാസത്തിലെടുത്ത് ദീര്ഘകാല കാഴ്ചപ്പോടുകളോടെ വേണം ഈ വിഷയത്തിലുള്ള പരിഹാരമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

മേഖലയിലെ തൊഴില്‍ ലഭ്യതയെക്കുച്ച് നൂറ നാസര്‍ ചോദ്യമുന്നയിച്ചു. പുറത്തുപോയി ജോലി ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെയാവാം. എന്നാല്‍ അത് സ്വന്തം ഇഷ്ടപ്രകാരമാകണം. നാട്ടില്‍ തൊഴില്‍ ഇല്ലാത്തതുകൊണ്ട് നിര്‍ബന്ധിതാവസ്ഥയില്‍ പോകുന്ന സാഹചര്യം ഒഴിവാകണം. തൊഴിലാളികളെ ആവശ്യമുള്ള വിവിധ കമ്പനികളെ കോര്‍ത്തിണക്കി അവര്‍ക്കാവശ്യമുള്ള ജീവനക്കാരെ നമ്മുടെ മേഖലയില്‍നിന്ന് നല്‍കുന്ന തരത്തിലുള്ള ഒരു സംവിധാനത്തിന് താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ രൂപം നല്‍കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

വിദ്യാഭ്യസ മേഖലയില്‍ നമുക്ക് ഒറ്റയടിക്ക് ഇത്രയിത്ര സ്ഥാപനങ്ങള്‍ കൊണ്ടുവരാം എന്ന് ഒരു എംപിക്കുള്ള ഫണ്ട്കൂടി പരിഗണിച്ചാല്‍ ഉറപ്പുപറയാന്‍ കഴിയില്ല. അതേസമയം ഇത്തരം മേഖലയില്‍ സേവനമെന്ന നിലയില്‍ മുതല്‍മുടക്കാന്‍ താല്‍പ്പര്യമുള്ളവരെ ക്ഷണിച്ചുകൊണ്ടുവരാന്‍ ശ്രമിക്കും. വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉള്‍പ്പെടെ ഇതിനായി ഏകോപിപ്പിക്കുന്നതിന് പരിശ്രമിക്കുമെന്നും ഷാഫി പറഞ്ഞു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് നമ്മള്‍ ഗൗരവത്തില്‍ ചിന്തിക്കുന്ന കാലത്താണ് ലൈഫ് മിഷന്‍ വീടിനു മുകളിലിട്ടു ബോംബ് നിര്‍മിക്കുന്ന ഒരു നിഷേധാത്മക രാഷ്ട്രീയംകൂടി ഇവിടെ നിലനില്‍ക്കുന്നത്. ബോംബ് എന്നത് പൂര്‍ണമായും വിനാശകരമായ, ഒരുപകരാവുമില്ലാത്ത വസ്തു മാത്രമാണ്. കത്തിയാണെങ്കില്‍ കറിക്കരിയാനെങ്കിലും ഉപയോഗിക്കാം. എന്നാല്‍ ബോംബുകൊണ്ട് സംഹാരം എന്നതല്ലാതെ മറ്റൊന്നും സാധ്യമല്ല. എന്തുകൊണ്ടാണ് നമ്മുടെ ചെറുപ്പക്കാര്‍ നേതൃത്വത്തിന്റെ ഇടുങ്ങിയ ചിന്തകള്‍ക്കു വിധേയമായി ഇത്തരത്തില്‍ ചിന്തകളുമായി മുന്നോട്ടുപോകുന്നതെന്ന് ആലോചിക്കണമെന്നും അവരെ ക്രിയാത്മകമായ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിടണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ് മോഡറേറ്റര്‍ ആയിരുന്നു. കെഎസ് യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ അധ്യക്ഷത വഹിച്ചു. എംഎസ്എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തില്‍, കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, സൂര്യതേജ് എ.എം, ഷഹബാസ് തലശേരി, വിഷ്ണു നാരായണന്‍, അനസ് കുട്ടക്കാട്ടില്‍, അനിരുദ്ധ് കെ., അക്ഷര കെ.കെ, റംഷാദ്, ജിതിന്‍ തലശേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!