കഥകളി പഠനശിബിരത്തിന് അപേക്ഷിക്കാം

കഥകളി പഠനശിബിരത്തിന് അപേക്ഷിക്കാം

പത്മശീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച കഥകളി വിദ്യാലയം സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ
കഥകളി പഠന ശിബിരം ഏപ്രില്‍ 17 മുതല്‍ 30 വരെ ചേലിയയില്‍ നടക്കുന്നു. കഥകളി വേഷം ,ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടിയും കോപ്പു നിര്‍മ്മാണവും, ഓട്ടന്‍ തുള്ളല്‍ എന്നീ മേഖലകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

ശിബിരത്തില്‍ പ്രതിദിനം 5 മണിക്കൂര്‍ വീതം മൊത്തം 60 മണിക്കൂര്‍ പരിശീലനമാണ് ഓരോ വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്കു നല്കാന്‍ ഉദ്ദേശിക്കുന്നത്.

10 -25 പ്രായ പരിധിയിലുള്ളവര്‍ക്കാണ് പ്രവേശനം, എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ നിര്‍വ്വാഹക സമിതിയുടെ അംഗീകാരത്തോടെ ഉയര്‍ന്ന പ്രായം ഉള്ളവര്‍ക്കും പ്രവേശനം നല്‍കുന്നതാണ്.

കലാമണ്ഡലം പ്രേം കുമാര്‍, കലാമണ്ഡലം ശിവദാസ്, കലാനിലയം ഹരി, നാട്യ ശില്പി കലാനിലയം പത്മനാഭന്‍, കോട്ടക്കല്‍ ശബരീഷ്, പ്രഭാകരന്‍ പുന്നശ്ശേരി എന്നീ പ്രഗത്ഭരായ ഗുരു നാഥന്മാര്‍ പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്കും. കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ അതിഥി അധ്യാപകനായും ശിബിര പരിപാടികളില്‍
ഒത്തു ചേരും.

പരിശീലന പരിപാടികളോടൊപ്പം എല്ലാ ദിവസവും വൈകീട്ട് ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സാംസ്‌കാരിക പരിപാടി കള്‍ അരങ്ങേറും. പ്രാദേശിക കലാകാരന്മാരോടൊപ്പം കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള പ്രതിഭാശാലികളും സാംസ്‌കാരിക സായാഹ്നങ്ങളില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

കൂടാതെ ഏപ്രില്‍ 28, 29, 30 തിയ്യതികളില്‍ 3 ദിവസത്തെ കലോത്സവം അരങ്ങേറും.
കഥകളി, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍കൂത്ത് തുടങ്ങിയ ക്ലാസിക് കലാരൂപങ്ങള്‍ കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടും.

അപേക്ഷകള്‍ ഓണ്‍ലൈനായും ഓഫ് ലൈനിലും സമര്‍പ്പിക്കാവുന്നതാണ്, നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ ഏപ്രില്‍ 10 ന് മുമ്പ് കഥകളി വിദ്യാലയത്തില്‍ ലഭിച്ചിരിക്കണം.

അപേക്ഷകരുടെ മുഖാമുഖം ഏപ്രില്‍ 12 ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകര്‍ക്കുള്ള ലിങ്ക് ഏപ്രില്‍ 5മുതല്‍ ലഭ്യമാവും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ ചേര്‍ത്ത നമ്പറുകളില്‍ ബന്ധപ്പെടുക
9446258585 ,96565 93 047 ,94467 31610

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!